---
title: "ഡിജിറ്റല്‍ ഭൂസര്‍വേ നടപടി തുടങ്ങി ;  വടകര താലൂക്കില്‍  ആദ്യഘട്ടം 5 വില്ലേജുകളില്‍"
english_title: "The Survey Department has started the process of digitizing land records in the district."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18633/the-survey-department-has-started-the-process-of-digitizing-land-records-in-the-district"
published_at: "2022-01-01T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cfedaba33f6_cctv photo.jpg"
keywords: []
---

# ഡിജിറ്റല്‍ ഭൂസര്‍വേ നടപടി തുടങ്ങി ;  വടകര താലൂക്കില്‍  ആദ്യഘട്ടം 5 വില്ലേജുകളില്‍

> **Lead Summary:** വടകര : ജില്ലയില്‍ ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതിന് സര്‍വേ വിഭാഗം നടപടി തുടങ്ങി. വടകര താലൂക്കില്‍ അഞ്ച് വില്ലേജുകളിലാണ് ആദ്യഘട്ടം ഭൂസര്‍വേ നടപടി. ജില്ലയില്‍ 16 വില്ലേജുകളിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. നടക്കുതാഴ, നാദാപുരം, വളയം, ചെക്യാട്, തൂണേരി എന്നിവിടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും.

## Article Content

വടകര : ജില്ലയില്‍ ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതിന് സര്‍വേ വിഭാഗം നടപടി തുടങ്ങി. വടകര താലൂക്കില്‍ അഞ്ച് വില്ലേജുകളിലാണ് ആദ്യഘട്ടം ഭൂസര്‍വേ നടപടി. ജില്ലയില്‍ 16 വില്ലേജുകളിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. നടക്കുതാഴ, നാദാപുരം, വളയം, ചെക്യാട്, തൂണേരി എന്നിവിടങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കും.

തൂണേരി വില്ലേജില്‍ നേരത്തെ സര്‍വേ നടപടികള്‍ക്ക് തുടക്കംകുറിച്ച് അന്തിമ ഘട്ടത്തിലാണ്. ഡിജിറ്റല്‍ നടപടികളുടെ പൂര്‍ത്തീകരണത്തിന് ജനവരി 5ന് സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് കലക്ടറേറ്റില്‍ പരിശീലനം നല്‍കും. വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ സര്‍വേ നടപടികള്‍ നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആകെ ഭൂമിയുടെ 20 ശതമാനം ഭാഗങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുക. ഭൂ സര്‍വേയുടെ പൂര്‍ത്തീകരണത്തിന് ഭൂ ഉടമകളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്.

അതിര്‍ത്തികള്‍ മാറിപ്പോവല്‍, സ്ഥലപ്പേര് മാറല്‍ തുടങ്ങിയവ ഒഴിവാക്കുന്നതിന് സര്‍വേ ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഭൂഉടമകള്‍ സ്ഥലത്തുണ്ടാവുന്നത് നല്ലതായിരിക്കും. കൂട്ടുസ്വത്തുക്കള്‍ ഭാഗിച്ച് കൈവശംവയ്ക്കുന്നവരും, അല്ലാത്തവരും കൈവശ ഭൂമിയുടെ അതിര്‍ത്തി കൃത്യമായി കല്ലിട്ടോ വരമ്പുണ്ടാക്കിയോ അടയാളപ്പെടുത്തുന്നത് സര്‍വേ നടപടികള്‍ പരാതിരഹിതമാക്കുന്നതിന് ഗുണകരമായിരിക്കും.

ഇതുവഴി പിന്നീടുള്ള പരാതികള്‍ പൂര്‍ണമായും ഒഴിവാക്കാനും കഴിയും. ആധാരം, പട്ടയം ഉള്‍പ്പെടെ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ഹാജരാക്കാന്‍ കഴിയുന്ന വിധം ഒരുക്കിവയ്ക്കുന്നതും നല്ലതാണ്. ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണം സര്‍വേ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ അത്യാവശ്യമാണെന്ന് റീ സര്‍വേ സൂപ്രണ്ട് എം എസ് ഗീതാമണി അമ്മ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18633/the-survey-department-has-started-the-process-of-digitizing-land-records-in-the-district)