---
title: "#VadakaraMahiCanal | വടകര - മാഹി കനാൽ; മൂഴിക്കൽ മുതൽ കന്നിനടവരെ 21.80 കോടിയുടെ പ്രവർത്തി ഉടൻ ആരംഭിക്കും "
english_title: "#Vadakara #Mahi #Canal #crore #work #Muzhikal #Kanninada #start #soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186966/vadakara-mahi-canal-crore-work-muzhikal-kanninada-start-soon"
published_at: "2024-02-24T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d99c4ff1e74_canal.jpg"
keywords: []
---

# #VadakaraMahiCanal | വടകര - മാഹി കനാൽ; മൂഴിക്കൽ മുതൽ കന്നിനടവരെ 21.80 കോടിയുടെ പ്രവർത്തി ഉടൻ ആരംഭിക്കും 

> **Lead Summary:** **വടകര: [ **നിർദ്ദിഷ്ട കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഒരു പ്രധാന ഭാഗമായ വടകര - മാഹി കനാലിൻ്റെ ചെയിനേജ് 450.080 കി.മീ. മുതൽ 454.080 കി.മീ. വരെയുള്ള 4 കി.മീ. ഭാഗത്ത് കനാൽ നിർമ്മാണത്തിൻ്റെ ബാക്കി പ്രവൃത്തികൾക്ക് 21.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും ഈ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ.

## Article Content

**വടകര: [ **നിർദ്ദിഷ്ട കോവളം ബേക്കൽ പശ്ചിമ തീര ജലപാതയുടെ ഒരു പ്രധാന ഭാഗമായ വടകര - മാഹി കനാലിൻ്റെ ചെയിനേജ് 450.080 കി.മീ. മുതൽ 454.080 കി.മീ. വരെയുള്ള 4 കി.മീ. ഭാഗത്ത് കനാൽ നിർമ്മാണത്തിൻ്റെ ബാക്കി പ്രവൃത്തികൾക്ക് 21.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും ഈ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ.

നിർമ്മാണോൽഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിച്ചിരുന്നു. വടകര - മാഹി കനാലിൻ്റെ ആരംഭ സ്ഥാനമായ മൂഴിക്കൽ മുതൽ കന്നിനട വരെയാണ് ഈ പ്രവൃത്തി വിഭാവനം ചെയ്യുന്നത്. നിലവിലുള്ള കനാലിൻ്റെ വീതിയും ആഴവും വർദ്ധിപ്പിച്ച് ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇരുകരകളിലും ബണ്ട് റോഡും സുഗമമായ ജലനിർഗ്ഗമന സൗകര്യവും ആവശ്യമുള്ള സ്ഥലങ്ങളിൽ കരസംരക്ഷണ പ്രവൃത്തിയും ഉൾപെട്ടതാണ് പദ്ധതി ' കനാൽ വികസനത്തിനായി ഇരുകരകളിലും കൂടി 20.82 ഏക്കർ സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടതായി വന്നിട്ടുണ്ട്. ഇതിന് 8.6 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്.

സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാര വിതരണം നടന്നുവരികയാണ്. ഒരു വർഷത്തിനകം ഈ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ 4 കി.മീ. ദൈർഘ്യമുള്ള വടകര മാഹി കനാൽ ഒന്നാം റീച്ച് പൂർണ്ണമായും ദേശീയ ജലപാതാ നിലവാരത്തിൽ ഗതാഗത യോഗ്യമാകുന്നതാണ്.

കാർഷിക- ടൂറിസം മേഖലകളിൽ വലിയ മാറ്റമാണ് ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഉണ്ടാവുക. നാടിൻ്റെ സർവതോന്മുഖമായ വികസനത്തിനും ഇത് വഴിതെളിക്കും. വടകര മാഹി കനാൽ നിർമ്മാണ പുരോഗതി സംബന്ധിച്ചും,ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളെ സംബന്ധിച്ചും ഇക്കഴിഞ്ഞ നിയമസഭയിൽ ചോദ്യമുന്നയിക്കുകയുണ്ടായി.

വടകര മാഹിക്കനാൽ നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കൊയിലാണ്ടി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് മുഖേന ഭുവുടമകൾക്ക് തുക നൽകിവരുന്നതായും 138 പേർക്ക് തുക അവാർഡ് ചെയ്തിട്ടുണ്ട് എന്നും ഇതിൽ 121 പേർക്ക് തുക നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

തുക അവാർഡ് ചെയ്യാൻ ബാക്കിയുള്ള 371 പേർ ഉൾപ്പെടെ ആകെ 388 ഭൂവുടമകൾക്ക് തുക നൽകാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

വടകര മാഹിക്കനാൽ വികസന പ്രവർത്തികളുടെ ഭാഗമായി മൂന്നാം റീച്ചിൽ പുതിയ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.

വടകര മാഹി കനാലിന്റെ കുറുകെ കോട്ടപ്പള്ളിയിൽ പാലം നിർമ്മിക്കുന്നതിന് ആർച്ച് ബ്രിഡ്ജ് ഡിസൈൻ അനുസരിച്ച് തയ്യാറാക്കിയ ഡിപിആർ പരിശോധിച്ച് വരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

2025 വർഷത്തോടെ വടകര മാഹിക്കനാൽ ജലഗതാഗത യോഗ്യമാക്കുന്നതിനായി താഴെപ്പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

1.മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് 2024 ഏപ്രിൽ 30ന് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

2.കരിങ്ങാലിമുക്ക് ലോക്ക് കം ബ്രിഡ്ജ് ബ്രിഡ്ജ് പ്രവർത്തികൾ പുരോഗമിച്ചു വരുന്നു.

3.വെങ്ങോളി റോഡ് ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയായി.

4 അഞ്ചാം റീച്ചിലെ ബണ്ട് റോഡിന് കുറുകെയുള്ള കൾവെർട്ടുകളുടെ നിർമാണം പുരോഗമിക്കുന്നു.

5.കേളോത്ത് കണ്ടി, കറുവയൽ നടപ്പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.

6.കണ്ണൻകുട്ടി സ്റ്റീൽ നടപ്പാലം നിർമ്മാണം പൂർത്തിയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186966/vadakara-mahi-canal-crore-work-muzhikal-kanninada-start-soon)