---
title: "#MuradPuthiyapalam | വടകരക്കാർ കത്തിരുന്ന ആ സന്തോഷ വാർത്ത എത്തി; മൂരാട് പുതിയപാലം മാർച്ച് 15-ന് മുമ്പ് തുറക്കും "
english_title: "#glad #tidings #which #mourners #burning #arrived #MuradPuthiyapalam #opened #before #March15"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187401/glad-tidings-which-mourners-burning-arrived-muradputhiyapalam-opened-before-march15"
published_at: "2024-02-26T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc20bb4835c_mooradpalam.jpg"
keywords: []
---

# #MuradPuthiyapalam | വടകരക്കാർ കത്തിരുന്ന ആ സന്തോഷ വാർത്ത എത്തി; മൂരാട് പുതിയപാലം മാർച്ച് 15-ന് മുമ്പ് തുറക്കും 

> **Lead Summary:** **വടകര: [ **ദേശീയപാതയിൽ ഗതാഗതക്കുരുക്കിന്റെ ഏറ്റവും വലിയ ഹോട്സ്പോട്ടെന്ന ദുഷ്‌പ്പേര് നേടിയ മൂരാട് പഴയപാലത്തിന് വിട. ആറുവരിപ്പാതയുടെ ഭാഗമായി കുറ്റ്യാടിപ്പുഴയിൽ മൂരാട്ട്‌ നിർമിച്ച പുതിയപാലം മാർച്ച് 15-ന് മുമ്പ് തുറക്കും.

## Article Content

**വടകര: [ **ദേശീയപാതയിൽ ഗതാഗതക്കുരുക്കിന്റെ ഏറ്റവും വലിയ ഹോട്സ്പോട്ടെന്ന ദുഷ്‌പ്പേര് നേടിയ മൂരാട് പഴയപാലത്തിന് വിട. ആറുവരിപ്പാതയുടെ ഭാഗമായി കുറ്റ്യാടിപ്പുഴയിൽ മൂരാട്ട്‌ നിർമിച്ച പുതിയപാലം മാർച്ച് 15-ന് മുമ്പ് തുറക്കും.

മൂരാട് ഭാഗത്ത് ആറുവരിപ്പാതയുടെ പ്രവൃത്തി സുഗമമാക്കാനാണ് പുതിയപാലം താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതെന്ന് സൈറ്റ് എൻജിനിയർ രാജേന്ദ്രകുമാർ പറഞ്ഞു. ആറുവരി പാലത്തിന്റെ നടുവിൽ ഡിവൈഡർ നിർമിച്ചിട്ടുള്ളതിനാൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം വേർതിരിച്ചിട്ടുണ്ട്.

മൂന്നുവരിയായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന 16 മീറ്റർ വീതിയാണ് ഓരോ ഭാഗത്തിനും. ആകെ 32 മീറ്റർ വീതി പാലത്തിനുണ്ട്. കാൽനടയാത്രികർക്കായി ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കുന്നുണ്ട്. ഇതിന്റെ പണിയും പുരോഗമിക്കുന്നു.

പുതിയ പാലത്തിന്റെ കിഴക്കുഭാഗത്തെ മൂന്നുവരിയാണ് ഗതാഗതത്തിന് തുറക്കുന്നത്. ആറുവരിപ്പാതാ നിർമാണം കഴിയുന്നതുവരെ ഇതിലൂടെ വാഹനങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ കടന്നുപോകാൻ കഴിയും. ഇതിനുള്ള അവസാനഘട്ട ജോലികളും പുരോഗമിക്കുന്നു.

വടകര, പയ്യോളി ഭാഗങ്ങളിൽ അനുബന്ധ റോഡുകളുടെ നിർമാണവും പൂർത്തിയായിവരുന്നു. ടാറിങ് ഉൾപ്പെടെ 90 ശതമാനവും കിഴക്കുഭാഗത്ത് കഴിഞ്ഞു. പുതിയപാലം തുറക്കുന്നതോടെ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴയപാലം അടയ്ക്കും.

പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവയും പ്രത്യേക പദ്ധതിയിൽപ്പെടുത്തി ടെൻഡർ ചെയ്തതാണ്. ഇവിടുത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കേരളസർക്കാരിന്റെ അഭ്യർഥന മാനിച്ചായിരുന്നു ഇത്. 68.5 കോടിയാണ് അനുവദിച്ചത്.

2020 ഒക്ടോബറിൽ ശിലാസ്ഥാപനം നടത്തി. 2021 ഏപ്രിലിൽ പ്രവൃത്തി തുടങ്ങി. 2023 ജൂലായിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പിന്നീട് കാലാവധി 2024 ഏപ്രിൽ വരെ നീട്ടി. ഹരിയാണയിലെ കമ്പനിക്കാണ് നിർമാണച്ചുമതല. ആറുവരിപ്പാതയിൽ അഴിയൂർ - വെങ്ങളം റീച്ചിലെ പ്രധാന പ്രവൃത്തിയാണ് മൂരാട് പാലം നിർമാണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187401/glad-tidings-which-mourners-burning-arrived-muradputhiyapalam-opened-before-march15)