---
title: "ഉത്സവരാവുകൾക്ക് സമാപനം; അഖില കേരള നാടകോത്സവത്തിന് തിരശ്ശീല വീണു"
english_title: "End of festivities; The curtain fell on the All Kerala Drama Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18755/end-of-festivities-the-curtain-fell-on-the-all-kerala-drama-festival"
published_at: "2022-01-02T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d10ee7b7e0a_muraleedharan.jpg"
keywords: []
---

# ഉത്സവരാവുകൾക്ക് സമാപനം; അഖില കേരള നാടകോത്സവത്തിന് തിരശ്ശീല വീണു

> **Lead Summary:** **പയ്യോളി : **ആറു ദിവസങ്ങളിലായി അയനിക്കാടിനെ അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷത്തിലേക്കുയർത്തിയ നാടക രാവുകൾക്ക് തിരശ്ശീല വീണു. കോഴിക്കോട് നർത്തന കലാലയം അയനിക്കാട് സംഘടിപ്പിച്ച അഖില കേരള നൃത്ത സംഗീത നാടകോത്സവത്തിന് പ്രൗഡോജ്വല സമാപനം.

## Article Content

**പയ്യോളി : **ആറു ദിവസങ്ങളിലായി അയനിക്കാടിനെ അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷത്തിലേക്കുയർത്തിയ നാടക രാവുകൾക്ക് തിരശ്ശീല വീണു. കോഴിക്കോട് നർത്തന കലാലയം അയനിക്കാട് സംഘടിപ്പിച്ച അഖില കേരള നൃത്ത സംഗീത നാടകോത്സവത്തിന് പ്രൗഡോജ്വല സമാപനം.

കെ മുരളീധരൻ എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഴയകാല നടന്മാർ നാടകത്തിലൂടെയാണ് സിനിമയിൽ എത്തിയിരുന്നതെന്നും ആ കാലത്ത് കലാകാരന്മാർക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടായിരുന്നില്ലെന്നും അവശ കലകാരന്മാർക്ക് പെൻഷൻ പ്രഖ്യാപിച്ചത് '72 ൽ കെ കരുണാകരൻ ഇൻഫർമേഷൻ വകുപ്പു മന്ത്രിയായിരുന്ന കാലത്തായിരുന്നെന്നും കെ മുരളീധരൻ എം പി പറഞ്ഞു.

മുമ്പ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളോടനുബന്ധിച്ച് ആളുകളെ കൂട്ടാൻ നാടകങ്ങൾ പതിവായിരുന്നു. രാഷ്ട്രീയത്തെ സ്വാധീനിക്കാൻ അന്ന് നാടകത്തിനുകഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എം എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഭിനന്ദനാർഹമായ ഏകോപനം നിർവഹിച്ച പയ്യോളി നഗരസഭ ഉദ്യോഗസ്ഥൻ ടി പ്രജീഷ് കുമാറിനെ ചടങ്ങിൽ എം പി സമാദരിച്ചു.

റഷീദ് പാലേരി മത്സര നാടക അവലോകനവും വിധി പ്രഖ്യാപനവും നടത്തി. നൃത്ത- ശില്പ - ചിത്രകലാചാര്യൻ ഇ വി ദാമു നർത്തന അവാർഡ്‌ സമർപണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി വിനോദൻ, നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു, വിവിധ സംഘടനാ പ്രതിനിധികളായ വി പി നാണു, പടന്നയിൽ പ്രഭാകരൻ, എം പി ഭരതൻ, ഇരിങ്ങൽ അനിൽകുമാർ, മഠത്തിൽ അബ്ദുറഹിമാൻ, എംടി നാണു, എ വി ബാലകൃഷ്ണൻ, എം ടി അബ്ദുള്ള, ടി കെ മോഹനൻ, എ ജെ സുൻജിത്ത്, രാജൻ കൊളാവിപ്പാലം, കെ ടി രാജീവൻ, പി ടി വി രാജീവൻ, പ്രകാശ് പയ്യോളി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18755/end-of-festivities-the-curtain-fell-on-the-all-kerala-drama-festival)