---
title: "പൊലീസ് അതിക്രമത്തില്‍ പ്രതികരണവുമായി വടകരയിലെ എല്‍ജെഡി നേതാവ് എടയത്ത് ശ്രീധരന്‍"
english_title: "edayath sreedharan FB post - Police attack "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18973/edayath-sreedharan-fb-post-police-attack"
published_at: "2022-01-03T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2d60a37f39_police attack .jpg"
keywords: []
---

# പൊലീസ് അതിക്രമത്തില്‍ പ്രതികരണവുമായി വടകരയിലെ എല്‍ജെഡി നേതാവ് എടയത്ത് ശ്രീധരന്‍

> **Lead Summary:** വടകര: ട്രെയിന്‍ യാത്രക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വടകരയില്‍ എല്‍ജെഡി നേതാവ് എടയത്ത് ശ്രീധരന്‍ ഫെയ്‌സ് ബുക്കില്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു.

## Article Content

വടകര: ട്രെയിന്‍ യാത്രക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വടകരയില്‍ എല്‍ജെഡി നേതാവ് എടയത്ത് ശ്രീധരന്‍ ഫെയ്‌സ് ബുക്കില്‍ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു.

പോലീസ് സേനയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോകുന്നതെന്ത് കൊണ്ടാണെന്നും ? ഇടതു മുന്നണി ഭരിക്കുമ്പോള്‍ പോലീസിന്റെ മുഖം ഇങ്ങിനെയായിക്കൂടെന്നും ? പോലീസിലെ ചിലര്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ടോയെന്ന് ശക്തമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനായിരുന്നു പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചതിന് ശേഷം മാഹിയില്‍ നിന്നും ട്രെയിന്‍ കയറി യാത്രക്കാരനെ വടകര സ്റ്റേഷനില്‍ ഇറക്കി വിടുകയായിരുന്നു.

**

എടയത്ത് ശ്രീധരന്റെ ഫെയ്‌സ് ബുക്ക് പ്രതികരണം **

നിയമ വിധേയമായി ആയുധവല്‍ക്കരിക്കപ്പെട്ട ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട ക്രിമിനല്‍ സംഘമാണ് പോലീസ് എന്ന് പറഞ്ഞത് സോഷ്യലിസ്റ്റ് നേതാവ് ഡോ.രാം മനോഹര്‍ ലോഹ്യയാണ്. സ്വാതന്ത്യ സമര പോരാട്ടങ്ങളിലും സ്വാതന്ത്ര്യാനന്തരം നടന്ന ഗോവ വിമോചന പോരാട്ടങ്ങള്‍ക്കടക്കം നിരവധി പ്രക്ഷോഭങ്ങളുടെ നായകനായ അദ്ദേഹം ഇങ്ങിനെ പറഞ്ഞത് അനുഭവങ്ങള്‍ കൊണ്ടായിരിക്കാം. ജനങ്ങളുടെ സഹായിയായി പ്രവര്‍ത്തിക്കേണ്ടവരാണ് പോലീസ് എന്നാണ് പറയുന്നത്. നമ്മുടെ മുഖ്യമന്ത്രി ഇടക്കിടെ പോലീസുകാരെ ഈ കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും നമ്മുടെ ചില പോലീസുകാര്‍ അതൊന്നും കേട്ട മട്ടില്ല. അത്തരം ഒരു സംഭവമാണ് ഇന്നലെ മാവേലി എക്‌സ്പ്രസില്‍ കണ്ടത്. അയാള്‍ ഏത് തരം കുറ്റകൃത്യം ചെയ്ത ആളായിക്കോട്ടെ ഇങ്ങിനെയാണോ അയാളോട് പെരുമാറേണ്ടത്.? എസ്.പി.മാരും' ഐ ജി മാരും എ.ഡി.ജി പി മാരും ഡിജിപിമാരും നിറഞ്ഞ് കവിഞ്ഞ് ആനന്ദനൃത്തം നടത്തുന്ന പോലീസ് സേനയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ പോകുന്നതെന്ത് കൊണ്ടാണ്? ഇടതു മുന്നണി ഭരിക്കുമ്പോള്‍ പോലീസിന്റെ മുഖം ഇങ്ങിനെയായിക്കൂടാ? തിരുത്തേണ്ട വരെ ശക്തമായി തിരുത്തണം. പോലീസിലെ ചിലര്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ടോയെന്ന് ശക്തമായി പരിശോധിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18973/edayath-sreedharan-fb-post-police-attack)