---
title: "#KKRamaMLA | 1.95 കോടി അനുവദിച്ചു; വടകരയിൽ വിദ്യാലയങ്ങളുടെ വികസന പദ്ധതികൾക്ക് ഭരണാനുമതിയായി - കെ.കെ രമ എം.എൽ.എ"
english_title: "#1.95 #crore #sanctioned #Administrative #approval #development #projects #schools #Vadakara #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/189951/195-crore-sanctioned-administrative-approval-development-projects-schools-vadakara-kkramamla"
published_at: "2024-03-07T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e99435f3e79_rama_shivankuttu.jpg"
keywords: []
---

# #KKRamaMLA | 1.95 കോടി അനുവദിച്ചു; വടകരയിൽ വിദ്യാലയങ്ങളുടെ വികസന പദ്ധതികൾക്ക് ഭരണാനുമതിയായി - കെ.കെ രമ എം.എൽ.എ

> **Lead Summary:** **വടകര: [**വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ വികസനത്തിനായി ഒരു കോടി തൊണ്ണൂറ്റി അഞ്ചു ലക്ഷം രൂപയുടെ പദ്ധതികൾ ഭരണാനുമതിയായതായി കെ.കെ രമ എം.എൽ.എ. ഒഞ്ചിയം ഗവ യു.പി സ്‌കൂൾ, വടകര പുത്തൂർ ഗവ ഹയർസെക്കൻഡറി സ്‌കൂൾ, കെ.കെ.എം ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഓർക്കാട്ടേരി എന്നീ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് തുക അനുവദിച്ചു കിട്ടിയതെന്ന്‌ എം.എൽ.എ അറിയിച്ചു.

## Article Content

**വടകര: [**വടകര മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ വികസനത്തിനായി ഒരു കോടി തൊണ്ണൂറ്റി അഞ്ചു ലക്ഷം രൂപയുടെ പദ്ധതികൾ ഭരണാനുമതിയായതായി കെ.കെ രമ എം.എൽ.എ. ഒഞ്ചിയം ഗവ യു.പി സ്‌കൂൾ, വടകര പുത്തൂർ ഗവ ഹയർസെക്കൻഡറി സ്‌കൂൾ, കെ.കെ.എം ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഓർക്കാട്ടേരി എന്നീ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് തുക അനുവദിച്ചു കിട്ടിയതെന്ന്‌ എം.എൽ.എ അറിയിച്ചു.

സ്കൂള്‍ സന്ദര്‍ശന വേളകളിൽ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വികസനത്തിനും അനിവാര്യമാണെന്നുകണ്ട ഇനങ്ങൾ ഉള്‍പ്പെടുത്തി 2023 - 24 വർഷത്തെ പ്ലാൻ ഫണ്ടിൽ ഈ മൂന്ന് സ്‌കൂളുകളുടെയും വികസനത്തിനായി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടതു പ്രകാരം തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭരണാനുമതിയായിരിക്കുന്നത്.

ഒഞ്ചിയം ഗവ:യു.പി സ്‌കൂൾ - 1 കോടി, വടകര പുത്തൂർ ഗവ ഹയർസെക്കൻഡറി സ്‌കൂൾ - 45.10 ലക്ഷം, കെ.കെ.എം ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഓർക്കാട്ടേരി - 50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒഞ്ചിയം ഗവ.യു.പി സ്കൂള്‍ വടകര മണ്ഡലത്തിലെ ഏക ഗവ യു.പി സ്‌കൂളാണ്.

ഇവിടെ കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ കഴിയും വിധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്ലാസ് റൂമുകൾ, ടോയ്‌ലറ്റുകൾ, വോളിബോൾ കോർട്ട്, കോംപ്പൗണ്ട് വാൾ, ഗേറ്റ് എന്നിവ നിർമ്മിക്കുന്നതിനാണ് ഇപ്പോൾ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.

ഓർക്കാട്ടേരി കെ.എം ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് മുറികളും ഓഡിറ്റോറിയവും നിർമിക്കുന്നതിനും പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കന്നതിനുമാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്നു എം.എൽ.എ അറിയിച്ചു.

എത്രയും വേഗം ആര്‍ക്കിടക്ചറല്‍ ഡ്രോയിംഗും സ്ട്രക്ചറല്‍ ഡ്രോയിംഗും തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. തുടർന്നുള്ള സാങ്കേതിക നടപടികൾ പൂർത്തീകരിച്ചു വൈകാതെ തന്നെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/189951/195-crore-sanctioned-administrative-approval-development-projects-schools-vadakara-kkramamla)