---
title: "#coastalregion | കടൽഭിത്തി നിർമ്മിക്കാൻ 2.54; വടകരയിലെ തീരദേശ മേഖലയ്ക്ക് ആശ്വാസം "
english_title: "#2.54 #build #sea #wall #Relief #coastal #region #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/190257/254-build-sea-wall-relief-coastal-region-vadakara"
published_at: "2024-03-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb2707662bc_rama.jpg"
keywords: []
---

# #coastalregion | കടൽഭിത്തി നിർമ്മിക്കാൻ 2.54; വടകരയിലെ തീരദേശ മേഖലയ്ക്ക് ആശ്വാസം 

> **Lead Summary:** **വടകര: **വടകരയിലെ തീരദേശ മേഖലയിലെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞ കടൽഭിത്തിയുടെ പുനർ നിർമ്മാണത്തിന് 2.54 കോടിരൂപ അനുവദിച്ചതായി കെ.കെ.രമ എം.എൽ.എ പറഞ്ഞു.

## Article Content

**വടകര: **വടകരയിലെ തീരദേശ മേഖലയിലെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ കടൽക്ഷോഭത്തിൽ തകർന്നടിഞ്ഞ കടൽഭിത്തിയുടെ പുനർ നിർമ്മാണത്തിന് 2.54 കോടിരൂപ അനുവദിച്ചതായി കെ.കെ.രമ എം.എൽ.എ പറഞ്ഞു.

വടകര മുനിസിപ്പാലിറ്റിയിലെ മുകച്ചേരി ഭാഗം കടൽഭിത്തി സിപി സ്റ്റോൺ 2065 നു തെക്കു ഭാഗത്തു 60 മീറ്റർ വടക്കോട്ടും,സിപി സ്റ്റോൺ 2064 നു തെക്ക് 67 മീറ്റർ മുതൽ വടക്കോട്ടുമായി തകർന്നു കിടക്കുന്ന കടൽഭിത്തിയുടെ പുനർനിർമ്മാണത്തിനാണ് ജലവിഭവ വകുപ്പിന്റെ അനുമതി ലഭിച്ചതെന്നും എം.എൽ.എ പറഞ്ഞു.

ഏറ്റവും ദുരിതപൂർണ്ണവും, ഭയപ്പാടോടും കൂടെ ജീവിക്കുന്ന ജനവിഭാഗമാണ് തീരദേശമേഖലയിൽ ഉള്ളത്. വർഷകാലങ്ങളിൽ പലകുടുംബങ്ങളും ഇവിടെ നിന്നും വീടൊഴിഞ്ഞു പോകേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടാവാറുള്ളത്.

എം.എൽ.എ ആയി ചുമതല ഏറ്റെടുത്ത നാളുകൾ മുതൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകിയതും ഇടപെട്ടതും ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായിരുന്നു.

വിവിധ ഘട്ടങ്ങളിലായി ചെറുതും വലുതുമായ തുകകൾ കടൽഭിത്തിയുടെ പുനർ നിർമ്മാനത്തിനായി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊയിലാണ്ടി വളപ്പ് ഭാഗത്തുള്ള പ്രവർത്തികൾ നേരത്തെ തന്നെ ആരംഭിച്ചതാണ്.

കുരിയാടി മേഖലയിലും തുക നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. മുകച്ചേരിഭാഗത്തെ പ്രവൃത്തികൂടെ പൂർത്തീകരിക്കപ്പെടുന്നതോടെ വലിയ പരിധിവരെ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു.

സാങ്കേതിക നടപടികൾ പൂർത്തിയാക്കി വൈകാതെ തന്നെ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/190257/254-build-sea-wall-relief-coastal-region-vadakara)