---
title: "അഴിയൂരിലെ പൊതു ശ്മശാനം  യഥാര്‍ത്ഥ്യമാകുന്നു 10 ന് സ്ഥലമുടമകളുടെ യോഗം"
english_title: " The public cemetery at Azhiyur is becoming a reality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19270/the-public-cemetery-at-azhiyur-is-becoming-a-reality"
published_at: "2022-01-05T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d54c217e62a_ public cemetery .jpg"
keywords: []
---

# അഴിയൂരിലെ പൊതു ശ്മശാനം  യഥാര്‍ത്ഥ്യമാകുന്നു 10 ന് സ്ഥലമുടമകളുടെ യോഗം

> **Lead Summary:** അഴിയൂര്‍ : കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഉറങ്ങിക്കിടക്കുന്ന പൊതു ശ്മശാന വിഷയത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അന്തിമ രൂപത്തില്‍ എത്തുന്നു. എല്ലാ കടമ്പകളും കടന്ന് ആവശ്യമായ ഫണ്ടും കിട്ടിയിട്ടും ശ്മശാനത്തിലേക്കുള്ള റോഡ് ആയിരുന്നു തടസ്സം.

## Article Content

അഴിയൂര്‍ : കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഉറങ്ങിക്കിടക്കുന്ന പൊതു ശ്മശാന വിഷയത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അന്തിമ രൂപത്തില്‍ എത്തുന്നു. എല്ലാ കടമ്പകളും കടന്ന് ആവശ്യമായ ഫണ്ടും കിട്ടിയിട്ടും ശ്മശാനത്തിലേക്കുള്ള റോഡ് ആയിരുന്നു തടസ്സം.

200 മീറ്ററോളം റോഡ് വേണ്ടത് പകുതിഭാഗത്ത് ആയിട്ടുണ്ട്.ശേഷിച്ചഭാഗം റോഡിന് അഞ്ച് സ്ഥലമുടമകളുടെ സമ്മതപത്രം ആവശ്യമാണ്. പ്രശ്‌നം ചര്‍ച്ച നടത്താന്‍ പത്തിന് മൂന്ന് മണിക്ക് പഞ്ചായത്ത് ആഫീസില്‍ സ്ഥലമുടമകളുടെ യോഗം സര്‍വ്വകക്ഷി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ വിളിച്ച് ചേര്‍ക്കും. പ്രസ്തുത ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം സാദ്ധ്യമാകുന്നില്ലെങ്കില്‍ റോഡിന് വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് അക്വിസിഷന്‍ നടപടികളടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും..

ശ്മശാനതിനായി ജില്ലാപഞ്ചായത്ത് 40 ലക്ഷം രൂപയും പഞ്ചായത്ത് 20 ലക്ഷംരൂപയും വകയിരുത്തിയിരുന്നു. .കോവിഡ് മഹാമാരിപോലുള്ള രോഗങ്ങള്‍ വ്യാപകമായിവരുന്ന സാഹചര്യത്തില്‍ സാധ്യതയുള്ള എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം ഉണ്ടാക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അഴിയൂരില്‍ 1995ല്‍ വന്ന ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിനുശേഷം ആറോളം ഭരണസമിതികള്‍ നിലവില്‍ വന്നെങ്ങിലും പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

കാത്തിരിപ്പിന്റെ നീണ്ട 25 വര്‍ഷത്തിനിടെ മരണമടഞ്ഞ ആറടി മണ്ണില്ലാത്ത പലരുടെയും മൃതദേഹം സംസ്‌കരിക്കാന്‍ വീടിന്റെ തറ നീക്കിയും മറ്റുളള ഉടമയുടെ ഭൂമിയേയും ആശ്രയിക്കേണ്ടി വന്നു . തീരദേശങ്ങളും ചതുപ്പ് നിലങ്ങളും ഏറെയുളള പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന വീടുകളുടെ എണ്ണം കൂടുകയും ഭൂമിയുടെ അളവ് കുറയുകയും ചെയ്തു. പരിസ്ഥിതിക്ക് കോട്ടം വരാതെ 30 അടി ഉയരത്തില്‍ പുകകുഴല്‍ സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെയുളള ശ്മശാനമാണ് ലക്ഷ്യമിടുന്നത് .

പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഡി.എം.ഒയുടെയും മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഇതിനുളള പ്രവര്‍ത്തികള്‍ നടക്കുക. അഴിയൂരില്‍ പൊതു ശ്മശാനം യാഥാര്‍ത്യമാക്കന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മര്‍ അദ്ധ്യക്ഷം വഹിച്ചു.

ശശിധരന്‍ തോട്ടത്തില്‍, എ ടി ശ്രീധരന്‍, വി പി ജയന്‍ ,സുകുമാരന്‍ കല്ലോറതത് , അനുഷ ആനന്ദ സദനം,പി ബാബുരാജ് , പ്രദീപ് ചോമ്പാല,റീന രയരോത്ത്, കെ അന്‍വര്‍ ഹാജി,സി സുഗതന്‍, സാലിം പുനത്തില്‍, മുബാസ് കല്ലേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19270/the-public-cemetery-at-azhiyur-is-becoming-a-reality)