---
title: " #Memory |അനുസ്മരണ സദസ്സ്; ഓർമ്മകളിൽ നിറഞ്ഞു അബ്ബാസ് മുസ്ലിയാർ"
english_title: " #Memorial #audience #Abbas #Musliar #full #memories"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/193994/memorial-audience-abbas-musliar-full-memories"
published_at: "2024-03-24T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffbf399f50d_musliar.jpg"
keywords: []
---

#  #Memory |അനുസ്മരണ സദസ്സ്; ഓർമ്മകളിൽ നിറഞ്ഞു അബ്ബാസ് മുസ്ലിയാർ

> **Lead Summary:** **ഒഞ്ചിയം:[ **ഒഞ്ചിയം ജുമാ മസ്ജിദ് അങ്കണത്തിൽ അബ്ബാസ് മുസ്ലിയാരുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. 40 വർഷക്കാലം ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ മുഅല്ലിമായും, ഒഞ്ചിയം ജുമാ മസ്ജിദ് മുതവല്ലിയായും സേവനമനുഷ്ഠിച്ച അബ്ബാസ് മുസ്ലിയാർ വെള്ളിയാഴ്ചയാണ് വിട വാങ്ങിയത്. ഒരു നിയോഗമെന്ന പോലെ പട്ടാമ്പിയിൽ നിന്നും എത്തിച്ചേർന്ന ഉസ്താദിനെ ഒഞ്ചിയം നാട് നെഞ്ചേറ്റുകയായിരുന്നു. ജന നിബിഡമായ അനുസ്മരണ സദസ്സ് എന്തുകൊണ്ടും ഉസ്താദ് മരണാനന്തരം അർഹിച്ചത് തന്നെയായിരുന്നു.

## Article Content

**ഒഞ്ചിയം:[ **ഒഞ്ചിയം ജുമാ മസ്ജിദ് അങ്കണത്തിൽ അബ്ബാസ് മുസ്ലിയാരുടെ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. 40 വർഷക്കാലം ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ മുഅല്ലിമായും, ഒഞ്ചിയം ജുമാ മസ്ജിദ് മുതവല്ലിയായും സേവനമനുഷ്ഠിച്ച അബ്ബാസ് മുസ്ലിയാർ വെള്ളിയാഴ്ചയാണ് വിട വാങ്ങിയത്. ഒരു നിയോഗമെന്ന പോലെ പട്ടാമ്പിയിൽ നിന്നും എത്തിച്ചേർന്ന ഉസ്താദിനെ ഒഞ്ചിയം നാട് നെഞ്ചേറ്റുകയായിരുന്നു. ജന നിബിഡമായ അനുസ്മരണ സദസ്സ് എന്തുകൊണ്ടും ഉസ്താദ് മരണാനന്തരം അർഹിച്ചത് തന്നെയായിരുന്നു.

തറാവീഹ് നമസ്കാരത്തിന് ശേഷം മഹല്ല് കമ്മിറ്റി പ്രസിഡണ്ട് യു അഷ്റഫ് മാസ്റ്ററുടെ നേതൃത്വത്തിലാണ് അനുസ്മരണ സംഗമം ആരംഭിച്ചത്. അബ്ബാസ് മുസ്ലിയാരുടെ വിയോഗം ഒഞ്ചിയം നാടിന് നികത്താനാവാത്ത നഷ്ടമാണ്. ദീനി സേവന രംഗത്ത് അദ്ദേഹം നാടിന് കാഴ്ചവച്ച മാതൃക അനുകരണീയമാണ്. പകരക്കാരനില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഉസ്താദ്. അദ്ദേഹം പറഞ്ഞു.അബ്ബാസ് മുസ്ലിയാർ ഒഞ്ചിയം നാട്ടിൽ വന്നതു മുതലുള്ള ബന്ധമാണ് താനുമായുള്ളതെന്ന് എൻ.ഐ.എം. സെക്രട്ടറി പി പി കെ അബ്ദുല്ല അനുസ്മരണ ഭാഷണത്തിൽ പറഞ്ഞു.

തൻ്റെ പിതൃ തുല്യനും, രക്ഷാകർത്താവും എല്ലാമായിരുന്നു പ്രിയപ്പെട്ട ഉസ്താദ്. കാർക്കശ്യവും, സ്നേഹവും, കരുതലും, ലാളനയും എല്ലാം ഒത്തിണങ്ങിയ സ്വഭാവ നൈപുണ്യങ്ങളുടെ പര്യായമായിരുന്നു. ജീവിതകാലത്ത് അടുത്തിടപഴകാൻ സാധിച്ചാൽ പ്രമുഖ വ്യക്തികളിൽ ഒരാളാണ് ഉസ്താദ്. ഒഞ്ചിയം നാടിന്റെ ഞാഡീ ഞരമ്പുകൾ വ്യക്തമായി അറിയാവുന്ന ജനകീയനായ മഹത് വ്യക്തിത്വത്തിന്റെ ഉടമയാണ്. ധാർമ്മിക മൂല്യമുള്ള വിദ്യാഭ്യാസ സമ്പന്നരായ പുതു തലമുറയെ വാർത്തെടുക്കുന്നതിൽ നിസ്തുലമായ പങ്കു വഹിച്ചു.

കാലത്തിന്റെ യവനികയ്ക്കുള്ളിൽ മാഞ്ഞു പോയെങ്കിലും ഉസ്താദിന്റെ ഓർമ്മകൾ ഒഞ്ചിയം നാട് നിലനിൽക്കുന്ന കാലത്തോളം ഓർക്കും. ആരാധന കർമ്മങ്ങളിലെ കാർക്കശ്യത, ആത്മാർത്ഥതയിലൂന്നിയ അധ്യാപകവൃത്തി, കൃത്യനിഷ്ഠത, മികച്ച സംഘാടക പാഠവം, പ്രസംഗ നൈപുണ്യം, ഉള്ളുരുകിയുള്ള പ്രാർത്ഥന, വികാര വിക്ഷബ്ദത തുളുമ്പുന്ന റാത്തീബ് സംഗമങ്ങൾ, ഏവരെയും പേരെടുത്ത് വിളിക്കുവാനുള്ള കഴിവ്, കക്ഷിരാഷ്ട്രീയ ഭേദ്യമെന്നെയുള്ള വ്യക്തിത്വ ബന്ധം, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഓർമ്മകൾ ബാക്കിവെച്ചാണ് ഉസ്താദ് യാത്രയായത്.

നുസ്രത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം അഹമ്മദ് മൗലവി, അബൂബക്കർ അൻവരി, ഉൾപ്പെടെയുള്ളവർ സംസാരിച്ചു. ശേഷം നടന്ന അനുസ്മരണ പ്രാർത്ഥനാ സംഗമത്തിന് അബ്ദുദ്ദുജാ മൗലവി നേതൃത്വം നൽകി. നൂറുകണക്കിന് പേരാണ് ഒഞ്ചിയം ജുമാ മസ്ജിദിൽ അനുസ്മരണ സദസ്സിനും ശേഷം നടന്ന പ്രാർത്ഥന സംഗമത്തിലും സാക്ഷിയായത്. ദുഃഖം തളം തട്ടിനിന്ന അന്തരീക്ഷത്തിൽ 40 വർഷക്കാലത്തെ പ്രിയപ്പെട്ട ഗുരുനാഥനുമായുള്ള ഓർമ്മകൾ ഏവരും  അയവിറക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/193994/memorial-audience-abbas-musliar-full-memories)