---
title: "കര്‍ഷകര്‍ക്ക് ആശ്വാസം;  പച്ചത്തേങ്ങ  സംഭരണം തുടങ്ങി "
english_title: " Relief for farmers; Green coconut Storage started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19417/relief-for-farmers-green-coconut-storage-started"
published_at: "2022-01-06T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d687022c77a_cocounut jpg.jpg"
keywords: []
---

# കര്‍ഷകര്‍ക്ക് ആശ്വാസം;  പച്ചത്തേങ്ങ  സംഭരണം തുടങ്ങി 

> **Lead Summary:** വടകര: കര്‍ഷകര്‍ക്ക് ആശ്വാസമായി നാളികേരത്തിന്റെ വിലയിടിവ് പരിഹരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങി. ഇതര സംസ്ഥാനത്തേക്കുള്ള നാളികേര കയറ്റുമതി നിലച്ചതിനെ തുടര്‍ന്ന് വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് സംഭരണം തുടങ്ങിയത്. പൊതുവിപണിയില്‍ 27 രൂപയുള്ള പച്ചത്തേങ്ങ സര്‍ക്കാര്‍ ഇടപെട്ട് 32 രൂപക്കാണ് സംഭരിക്കുന്നത്.

## Article Content

വടകര: കര്‍ഷകര്‍ക്ക് ആശ്വാസമായി നാളികേരത്തിന്റെ വിലയിടിവ് പരിഹരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങി. ഇതര സംസ്ഥാനത്തേക്കുള്ള നാളികേര കയറ്റുമതി നിലച്ചതിനെ തുടര്‍ന്ന് വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് സംഭരണം തുടങ്ങിയത്. പൊതുവിപണിയില്‍ 27 രൂപയുള്ള പച്ചത്തേങ്ങ സര്‍ക്കാര്‍ ഇടപെട്ട് 32 രൂപക്കാണ് സംഭരിക്കുന്നത്.

കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം തിരുവനന്തപുരം ജില്ലകളിലുള്ള സംഭരണ കേന്ദ്രങ്ങളിലാണ് കേരഫെഡ് സംഭരണം തുടങ്ങിയിട്ടുള്ളത് എട്ടു കേന്ദ്രങ്ങളിലാണ് ബുധന്‍ സംഭരണം നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സംഭരണം വ്യാപിപ്പിക്കുമെന്ന് കേരഫെഡ് അധികൃതര്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ 10,000 ടണ്‍ പച്ചത്തേങ്ങ സംഭരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ നാളികേര വികസന കോര്‍പറേഷന്‍, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച പഞ്ചായത്തുതല സമിതികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയിലൂടെ തേങ്ങ സംഭരിക്കും. സമിതികള്‍ വഴിയുള്ള സംഭരണം സജീവമാകുന്നതോടെ പൊതുവിപണിയിലും നാളികേര വില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് പൂര്‍ണമായും ഗുണം കിട്ടും വിധം ഇടനിലക്കാരില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്.

കൃഷി ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നാളികേരം തൂക്കി വാങ്ങുക. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ തന്നെ പണം നല്‍കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് കേരഫെഡ് കേന്ദ്രങ്ങളില്‍ പച്ചത്തേങ്ങ സംഭരിക്കുക. സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി കേരഫെഡിന്റെ പ്ലാന്റുകളില്‍ സംസ്‌കരിച്ച് വെളിച്ചെണ്ണയാക്കാനുള്ള നടപടികളും ആരംഭിച്ചു. നാളികേരത്തിന് അര്‍ഹമായ വില ലഭിക്കാന്‍ നാഫെഡ് മുഖേനയുള്ള സംഭരണം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19417/relief-for-farmers-green-coconut-storage-started)