---
title: "ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മ പുതുക്കി വളയം ഗ്രാമം"
english_title: "jishnu pranoy memorial function in valayam villege "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19502/jishnu-pranoy-memorial-function-in-valayam-villege"
published_at: "2022-01-06T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6ed73aa693_jishnu family.jpg"
keywords: []
---

# ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മ പുതുക്കി വളയം ഗ്രാമം

> **Lead Summary:** **വളയം : **തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ പൊലിഞ്ഞ ജിഷ്ണു പ്രണോയിയുടെ സ്മരണ പുതുക്കി ജന്മനാട്. അഞ്ചാമത് രക്തസാക്ഷിത്വ ദിനമായ ഇന്ന് വിവിധ പരിപാടികളോടെ ജിഷ്ണുവിന്റെ സ്മരണ പുതുക്കി. രാവിലെ ജിഷ്ണു അന്തി ഉറങ്ങുന്ന വളയത്തെ ജിഷ്ണു പ്രേണോയ് നാഗറിലെ വീട്ടില്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുടുംബാംഗങ്ങളും ചേര്‍ന്ന് പുഷ്പ്പാര്‍ച്ചന നടത്തി.

## Article Content

**വളയം : **തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ പൊലിഞ്ഞ ജിഷ്ണു പ്രണോയിയുടെ സ്മരണ പുതുക്കി ജന്മനാട്. അഞ്ചാമത് രക്തസാക്ഷിത്വ ദിനമായ ഇന്ന് വിവിധ പരിപാടികളോടെ ജിഷ്ണുവിന്റെ സ്മരണ പുതുക്കി. രാവിലെ ജിഷ്ണു അന്തി ഉറങ്ങുന്ന വളയത്തെ ജിഷ്ണു പ്രേണോയ് നാഗറിലെ വീട്ടില്‍ നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുടുംബാംഗങ്ങളും ചേര്‍ന്ന് പുഷ്പ്പാര്‍ച്ചന നടത്തി.

എം പി അശോകന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് സിപിഐ എം നേതൃത്വത്തില്‍ വളയം കല്ലുനിരയില്‍ അനുസ്മരണ പൊതുയോഗം നടന്നു. ജിഷ്ണു പ്രണോയിയുടെ ജീവത്യാഗത്തിന്റെ ഓര്‍മകള്‍ക്ക് വ്യാഴാഴ്ച അഞ്ചാണ്ട് തികയുന്നു. ജിഷ്ണുവിന്റെ ജന്മദേശമായ വളയത്തെ ജനമനസ്സുകളില്‍ കനലായി ജിഷ്ണുവിന്റെ ഓര്‍മകള്‍ എരിയുകയാണ്.

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്രു എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി വളയം പൂവ്വംവയല്‍ കിണറുള്ളപറമ്പത്ത് ജിഷ്ണു എന്ന ജിഷ്ണു പ്രണോയ് കോളേജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കോളേജധികൃതരുടെ പീഡനമാണ് മരണകാരണമെന്ന് തുടക്കം മുതല്‍ തന്നെ കുടുംബം ആരോപിച്ചിരുന്നു. ഒടുവില്‍ കേസ് അന്വേഷിച്ച സി.ബി.ഐ. നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, സഹോദരന്‍ സംജിത്ത് വിശ്വനാഥ് എന്നിവരെ ഒഴിവാക്കിയാണ് ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിനെതിരേ ജിഷ്ണുവിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. അഭയാകേസ് പോലെ നീതി വൈകുകയാണെന്ന് അച്ഛന്‍ അശോകനും അമ്മ മഹിജയും പറയുന്നു. ആദ്യം ലോക്കല്‍ പൊലീസ് അനേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് എറ്റെടുത്തു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ സി.പി. പ്രവീണ്‍ തുടങ്ങിയവരെ പ്രതിചേര്‍ത്ത് പോലീസ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. നീതിക്കായുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മകന്‍ നഷ്ടപ്പെട്ട വേദനയില്‍നിന്ന് മഹിജയും അശോകനും ഇനിയും മോചിതരായിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19502/jishnu-pranoy-memorial-function-in-valayam-villege)