---
title: "വടകര താലൂക്ക് ഓഫീസ് കത്തിച്ച യുവാവ് കാര്‍ കത്തിച്ച കേസിലും പ്രതി                 "
english_title: " He is also accused in the case of a youth who set fire to the Vadakara taluk office and set fire to a car"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19594/he-is-also-accused-in-the-case-of-a-youth-who-set-fire-to-the-vadakara-taluk-office-and-set-fire-to-a-car"
published_at: "2022-01-07T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7da798e988_theee .jpg"
keywords: []
---

# വടകര താലൂക്ക് ഓഫീസ് കത്തിച്ച യുവാവ് കാര്‍ കത്തിച്ച കേസിലും പ്രതി                 

> **Lead Summary:** വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ അറസ്റ്റിലായ ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷ് മാനസികരോഗത്തിന് ഹൈദരാബാദില്‍ ചികിത്സ തേടിയിരുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. 2016ല്‍ തീവെപ്പ് കേസില്‍ ഒരുവര്‍ഷം ശിക്ഷിക്കപ്പെട്ടതിന്റെ രേഖകളും കിട്ടി. സംശയിക്കത്തക്ക മറ്റ് ബന്ധങ്ങളൊന്നും ഇയാള്‍ക്കില്ലെന്നും കണ്ടെത്തി. ഇതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തി. ഫൊറന്‍സിക് പരിശോധനാഫലംകൂടി കിട്ടിയാല്‍ വൈകാതെതന്നെ കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

## Article Content

വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ അറസ്റ്റിലായ ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷ് മാനസികരോഗത്തിന് ഹൈദരാബാദില്‍ ചികിത്സ തേടിയിരുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. 2016ല്‍ തീവെപ്പ് കേസില്‍ ഒരുവര്‍ഷം ശിക്ഷിക്കപ്പെട്ടതിന്റെ രേഖകളും കിട്ടി. സംശയിക്കത്തക്ക മറ്റ് ബന്ധങ്ങളൊന്നും ഇയാള്‍ക്കില്ലെന്നും കണ്ടെത്തി. ഇതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തി. ഫൊറന്‍സിക് പരിശോധനാഫലംകൂടി കിട്ടിയാല്‍ വൈകാതെതന്നെ കുറ്റപത്രം നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

സതീഷിനെക്കുറിച്ച് കൂടുതലറിയാനായി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഹൈദരാബാദില്‍പോയി അന്വേഷണം നടത്തിയിരുന്നു. എസ്.ഐ.മാരായ മോഹനകൃഷ്ണന്‍, രാജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ എന്നിവരാണ് പോയത്. അമ്മ, സഹോദരി, സഹോദരീഭര്‍ത്താവ്, ഇയാള്‍ ജോലിചെയ്ത സ്ഥാപനത്തിന്റെ മാനേജര്‍ തുടങ്ങിയവരില്‍നിന്നെല്ലാം മൊഴിയെടുത്ത് സംഘം തിരിച്ചെത്തി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വിശദമായ റിപ്പോര്‍ട്ട് റൂറല്‍ എസ്.പി.ക്ക് സമര്‍പ്പിച്ചു.വര്‍ഷംമുമ്പ് അച്ഛന്‍ മരിച്ചശേഷമാണ് സതീഷില്‍ മാനസികപ്രശ്‌നം ഉടലെടുത്തതെന്നാണ് അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴി. തുടര്‍ന്ന്, ഹൈദരാബാദ് എരഗഡ്ഡ മാനസികരോഗാശുപത്രിയില്‍ ചികിത്സിച്ചു. ഇടയ്ക്കിടയ്ക്ക് രോഗം പിന്നെയും വരുമായിരുന്നു. അച്ഛന്റെ ആത്മാവിനെ തനിക്ക് കാണാം, ശബ്ദം കേള്‍ക്കാം എന്നിങ്ങനെ സതീഷ് ഡോക്ടര്‍മാരോട് പറഞ്ഞതായി മെഡിക്കല്‍ രേഖയുണ്ട്. 2016ലാണ് ശ്രീലത തോട്ട എന്ന വീട്ടുടമയുടെ കാര്‍ കത്തിച്ച കേസില്‍ സതീഷ് അറസ്റ്റിലായത്. കാര്‍ കത്തിച്ചതിന് കാരണമായി പറഞ്ഞത് കാറിനുള്ളില്‍ പിശാചിനെ കണ്ടുവെന്നാണ്. ഈ കേസിലെ എഫ്.ഐ.ആറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി (ഒമ്പത്) ഇയാളെ ഒരുവര്‍ഷം ശിക്ഷിച്ചതിന്റെ വിധിപകര്‍പ്പ് ഉള്‍പ്പെടെയുള്ളവയും അന്വേഷണസംഘം ശേഖരിച്ചു. പൈ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ ഇയാള്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തില്‍ മാനേജറുമായി പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് സതീഷിനെ ബെംഗളൂരൂവിലേക്ക് മാറ്റിയതായി വിവരം കിട്ടി. എന്നാല്‍, സതീഷ് ജോലി ഉപേക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഹൈദരാബാദ് വിട്ടത്. അച്ഛനും അമ്മയും മലയാളികളായതിനാല്‍ ഇവരുടെ ബന്ധുക്കളെത്തേടി പോകുന്നുവെന്നാണ് പറഞ്ഞത്. വടകരയിലെത്തിയതും ബന്ധുക്കളെത്തേടിയാണ്. റെയില്‍വേ സ്റ്റേഷനിലെത്തി ബാഗ് തലയ്ക്കുവെച്ച് കിടന്നുറങ്ങിയെങ്കിലും ഉണര്‍ന്നപ്പോള്‍ ബാഗ് മോഷണം പോയതായി മനസിലാക്കി. ഈ വിവരം വടകര പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞിരുന്നു. ബന്ധുക്കളുടെ വിലാസം ഉള്‍പ്പെടെ ബാഗിലായതിനാല്‍ വടകര ടൗണിന്റെ വിവിധഭാഗങ്ങളില്‍ താമസമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19594/he-is-also-accused-in-the-case-of-a-youth-who-set-fire-to-the-vadakara-taluk-office-and-set-fire-to-a-car)