---
title: "അക്രമ രാഷ്ട്രീയത്തിന് എതിരെ ജനമനസുകളെ ഉണർത്തി ഷാഫിയുടെ പര്യടനം"
english_title: "#Shafi  #tour #awakened #people  #minds #against #violent #politics"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197439/shafi-tour-awakened-people-minds-against-violent-politics"
published_at: "2024-04-07T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612ba9325bda_shafi_2.jpg"
keywords: []
---

# അക്രമ രാഷ്ട്രീയത്തിന് എതിരെ ജനമനസുകളെ ഉണർത്തി ഷാഫിയുടെ പര്യടനം

> **Lead Summary:** തലശേരി:(**vatakaranews.in**) അക്രമ രാഷ്ട്രീയത്തിന് എതിരെ ജനമനസുകളെ ഉണർത്തി വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ തലശേരി മണ്ഡലം പര്യടനം.

## Article Content

തലശേരി:(**vatakaranews.in**) അക്രമ രാഷ്ട്രീയത്തിന് എതിരെ ജനമനസുകളെ ഉണർത്തി വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ തലശേരി മണ്ഡലം പര്യടനം.

പാനൂർ സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിന് എതിരെ നടത്തിയ പ്രചാരണത്തിന് നാട്ടുകാർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഇനിയൊരു വീട്ടിലും രാഷ്ട്രീയത്തിൻ്റെ പേരിൽ കണ്ണുനീർ വീഴരുതെന്നു ഷാഫി പറമ്പിൽ ആഹ്വാനം ചെയ്തു. 2024ലും അക്രമം കൈവിടില്ല എന്ന് ശപഥം ചെയ്തവരെ തിരുത്താൻ രാഷ്ട്രീയം മറന്ന് ബാലറ്റിലൂടെ ഒരുമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ പുന്നോലിൽ വെച്ചാണ് പര്യടന പരിപാടി ആരംഭിച്ചത്. പെരിങ്ങാടി, കവിയൂർ, കാഞ്ഞിരത്തിൻ കീഴിൽ, അരയാക്കൂൽ, മീത്തലെ ചമ്പാട്, കോപ്പാലം വഴി പര്യടനം മാടപ്പീടികയിൽ എത്തി.

വിശ്രമശേഷം സൈദാർ പളളിയിൽ നിന്നാണ് ആരംഭിച്ചത്. അയ്യലത്ത് സ്കൂൾ, വീനസ് കോർണർ, വടക്കുമ്പാട്, കതിരൂർ, പൊന്ന്യം പാലം, വാടിയിൽ പീടിക വഴി പര്യടനം കൊളശേരിയിൽ സമാപിച്ചു.

ബോംബിൻ്റെയും അരുംകൊലയുടെയും രാഷ്ട്രീയത്തിന് എതിരെ ഒന്നിക്കണമെന്ന് സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി നാട്ടുകാരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197439/shafi-tour-awakened-people-minds-against-violent-politics)