---
title: "ഒരുക്കങ്ങള്‍  പൂര്‍ത്തിയായി ; സിപിഐ(എം)  ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും "
english_title: " Preparations are complete; The CPI (M) district convention will begin on Monday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19826/preparations-are-complete-the-cpi-m-district-convention-will-begin-on-monday"
published_at: "2022-01-08T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d963e57e059_cpm - kozhikode .jpg"
keywords: []
---

# ഒരുക്കങ്ങള്‍  പൂര്‍ത്തിയായി ; സിപിഐ(എം)  ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും 

> **Lead Summary:** വടകര: സിപിഐ എം ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച കോഴിക്കോട്ട് തുടക്കമാകും. 10 മുതല്‍ മൂന്നുദിവസം വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍ നഗറിലാണ് സമ്മേളനം. 16 ഏരിയാ സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 250 പേര്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

## Article Content

വടകര: സിപിഐ എം ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്ച കോഴിക്കോട്ട് തുടക്കമാകും. 10 മുതല്‍ മൂന്നുദിവസം വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍ നഗറിലാണ് സമ്മേളനം. 16 ഏരിയാ സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 250 പേര്‍ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

സമ്മേളന ഒരുക്കം പൂര്‍ത്തിയായി. 10ന് രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എളമരം കരീം, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യദിവസം ഉദ്ഘാടനശേഷം ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സമ്മേളന നടപടികള്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും. രാഷ്ട്രീയമായും സംഘടനാപരമായും വലിയ മുന്നേറ്റവും ജനസ്വാധീനവും കൈവരിച്ച നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് മോഹനന്‍ പറഞ്ഞു. നിയമസഭ–പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ നേടാനായ വിജയങ്ങള്‍, ബഹുജനസംഘടനകളിലൂടെ ജനസ്വാധീനം വിപുലമാക്കാനായത്, പ്രവര്‍ത്തനങ്ങളിലെ മികവും പോരായ്മകളും എല്ലാം വിലയിരുത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19826/preparations-are-complete-the-cpi-m-district-convention-will-begin-on-monday)