---
title: "#ShafiParampil|ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണം; ഒരാള്‍ ചിതറിത്തെറിക്കുമ്പോള്‍ അയാളെ തള്ളിപ്പറയുന്ന പാര്‍ട്ടിയെപ്പറ്റി ചെറുപ്പക്കാർ ചിന്തിക്കണം: ഷാഫി പറമ്പില്‍ "
english_title: "#Bomb #politics #must #abandoned #man #scatters #youth  #think #party  #rejects #ShafiParampil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198307/bomb-politics-must-abandoned-man-scatters-youth-think-party-rejects-shafiparampil"
published_at: "2024-04-11T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617f82cf1776_shafi_11.jpg"
keywords: []
---

# #ShafiParampil|ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണം; ഒരാള്‍ ചിതറിത്തെറിക്കുമ്പോള്‍ അയാളെ തള്ളിപ്പറയുന്ന പാര്‍ട്ടിയെപ്പറ്റി ചെറുപ്പക്കാർ ചിന്തിക്കണം: ഷാഫി പറമ്പില്‍ 

> **Lead Summary:**  വടകര: **(Vatakaranews.com**)ഒരാള്‍ ചിതറിത്തെറിക്കുമ്പോള്‍ അയാളെ തള്ളിപ്പറയുന്ന പാര്‍ട്ടിക്കുവേണ്ടി ഇനിയും ബോംബുകള്‍ നിര്‍മിക്കണോ എന്ന് ഇതിനുവേണ്ടി മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാര്‍ ആലോചിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. 

## Article Content

 വടകര: **(Vatakaranews.com**)ഒരാള്‍ ചിതറിത്തെറിക്കുമ്പോള്‍ അയാളെ തള്ളിപ്പറയുന്ന പാര്‍ട്ടിക്കുവേണ്ടി ഇനിയും ബോംബുകള്‍ നിര്‍മിക്കണോ എന്ന് ഇതിനുവേണ്ടി മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാര്‍ ആലോചിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. 

പാര്‍ട്ടി തലത്തില്‍ തീരുമാനമെടുത്ത ശേഷമാണ് സിപിഎം പ്രവര്‍ത്തകര്‍ ബോംബുണ്ടാക്കുന്നത്. ലോക്കല്‍ കമ്മിറ്റി മാത്രം വിചാരിച്ചാല്‍ ബോംബുണ്ടാക്കാന്‍ കഴിയില്ല.

ബോംബുണ്ടാക്കുന്നതിന് വിഗ്ദധരെ അയച്ചുകൊടുക്കുന്നത് പാര്‍ട്ടിയാണ്. അതിനുള്ള എല്ലാ ഒത്താശകളും ചെയ്യുന്നതും സ്ഥലം ലഭ്യമാക്കുന്നതും എല്ലാം പാര്‍ട്ടി തന്നെയാണ്. പാനൂരില്‍ സംഭവിച്ചതും ഇതുതന്നെയാണ്. ബോംബെറിഞ്ഞ് അപായപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ വോട്ടുചെയ്യുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കാം എന്നാണ് പാര്‍ട്ടി കരുതുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപോലെ ബോംബെറിഞ്ഞശേഷമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയത്. അതുതന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നത്.

അങ്ങനെയുള്ള ആവശ്യങ്ങളിലേക്കായി ബോംബ് നിര്‍മിക്കുമ്പോള്‍ ആരെങ്കിലും കൊല്ലപ്പെട്ടാലോ അപകടം പറ്റിയാലോ അവരെ തള്ളിപ്പറയുന്നതാണ് സിപിഎമ്മിന്റെ രീതി.

പാര്‍ട്ടി നിര്‍ദേശപ്രകാരം ബോംബുകള്‍ നിര്‍മിച്ചിട്ട് ഇത്തരത്തില്‍ ചിതറിത്തെറിക്കുമ്പോള്‍ അവര്‍ ക്രിമിനലുകളാണ്, സ്ഥിരം പ്രശ്‌നക്കാരാണ് എന്നൊക്കെ കേള്‍ക്കാന്‍ തയ്യാറാവണോ എന്ന് ഈ ചെറുപ്പക്കാര്‍ ആലോചിക്കണം.

നേതൃത്വത്തിനുവേണ്ടി ഇത്തരത്തില്‍ ചാവേറാകണോ എന്ന് അവര്‍ ചിന്തിക്കണം. എത്രയോ കുടുംബങ്ങളിലെ തോരാകണ്ണീരാണ് തങ്ങള്‍ കാരണം സൃഷ്ടിക്കപ്പെടുന്നത്.

ആ കുടുംബങ്ങളുടെ ദൈന്യത എക്കാലവും തങ്ങളെ വേട്ടയാടും എന്നുകൂടി അണികള്‍ ഓര്‍ത്തുകൊണ്ട് സര്‍ഗാത്മക രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198307/bomb-politics-must-abandoned-man-scatters-youth-think-party-rejects-shafiparampil)