---
title: "#Onchiyamdeath|ഒഞ്ചിയത്തെ യുവാക്കളുടെ ദാരുണാന്ത്യം: ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കും: റവല്യൂഷണറി യൂത്ത് "
english_title: "#Onchiyam #youth #tragedy #defend #against #drug #mafia  #Revolutionary #Youth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198395/onchiyam-youth-tragedy-defend-against-drug-mafia-revolutionary-youth"
published_at: "2024-04-12T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618e05d33d53_vadakra_death.jpeg"
keywords: []
---

# #Onchiyamdeath|ഒഞ്ചിയത്തെ യുവാക്കളുടെ ദാരുണാന്ത്യം: ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കും: റവല്യൂഷണറി യൂത്ത് 

> **Lead Summary:** വടകര: **(vadakaranews.in**) കുന്നുമ്മക്കരയിൽ ലഹരിഉപയോഗിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതും, ലഹരി മാഫിയ സംഘം എത്രത്തോളം നമ്മുടെ സമൂഹ്യ ചുറ്റുപാടുകളിൽ പിടിമുറുക്കി എന്ന് തെളിയിക്കുന്നതാണെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

## Article Content

വടകര: **(vadakaranews.in**) കുന്നുമ്മക്കരയിൽ ലഹരിഉപയോഗിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതും, ലഹരി മാഫിയ സംഘം എത്രത്തോളം നമ്മുടെ സമൂഹ്യ ചുറ്റുപാടുകളിൽ പിടിമുറുക്കി എന്ന് തെളിയിക്കുന്നതാണെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ലഹരി മാഫിയാ സംഘങ്ങൾക്കെതിരായ നിയമ നടപടികൾ പലപ്പോഴും ദുർബലപ്പെടുന്നതാണ് ഇത്തരം ദാരുണ സംഭവങ്ങളിലേക്ക് വഴിതെളിയിക്കുന്നത്.

സംഭവം നടന്ന സ്ഥലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ലഹരിക്കടിമപ്പെട്ട് മരണമടയുന്ന യുവാക്കളുടെ എണ്ണം 4 ആയി എന്നത് ഗൗരവകരമാണ്. പോലീസ് ലഹരി മാഫിയ സംഘങ്ങളോട് കാണിക്കുന്ന മൃദുസമീപനമാണ് ഇത്തരം മരണങ്ങൾ തുടർക്കഥയാവുന്നതിന് കാരണമാകുന്നത്.

ലഹരി മാഫിയ സംഘങ്ങളുടെ അവസാനത്തെ കണ്ണിയെയും നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് മാതൃകാശിക്ഷ ഉറപ്പാക്കാൻ പോലീസ് തയ്യാറാവണം. പ്രദേശവാസികൾ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ പ്രദേശത്തെ സമാധാനന്തരീക്ഷം തകരുന്ന അനുഭവമാണ് ഉണ്ടായി തീരുന്നത്.

അതിനാൽ തന്നെ ഇത്തരം ലഹരി മാഫിയ സംഘങ്ങളെ നിലക്ക് നിർത്താനാവശ്യമായ ഇടപെടലുകൾക്ക് പോലീസ് നേതൃത്വം നൽകണം.സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ സന്നദ്ധ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി വിപുലമായ പ്രതിരോധം ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ഉയർത്തി കൊണ്ടുവരേണ്ടതുണ്ട്.

ലഹരിമാഫിയകൾക്കെതിരെ വരും നാളുകളിൽ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി റവല്യൂഷണറി യൂത്ത് പ്രതിരോധം തീർക്കുമെന്നും അതിന് സമൂഹത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്നും റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198395/onchiyam-youth-tragedy-defend-against-drug-mafia-revolutionary-youth)