---
title: "ഐ വി ബാബു അനുസ്മരണം ; വടകരയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് കരുത്ത് പകരും"
english_title: " IV Babu Remembrance; The anti-K rail agitation in Vadakara will be strengthened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19858/iv-babu-remembrance-the-anti-k-rail-agitation-in-vadakara-will-be-strengthened"
published_at: "2022-01-08T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d98f47bb884_iv babu .jpg"
keywords: []
---

# ഐ വി ബാബു അനുസ്മരണം ; വടകരയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് കരുത്ത് പകരും

> **Lead Summary:** വടകര: പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഐ.വി ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികം ജനുവരി പത്തിന് വടകരയില്‍ നടക്കുമ്പോള്‍ വടകരയിലും പരിസരങ്ങളിലേയും കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് കരുത്ത് പകരും. തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പരിപാടി പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തക മേധാപട്കറാണ് ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

വടകര: പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഐ.വി ബാബുവിന്റെ രണ്ടാം ചരമവാര്‍ഷികം ജനുവരി പത്തിന് വടകരയില്‍ നടക്കുമ്പോള്‍ വടകരയിലും പരിസരങ്ങളിലേയും കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് കരുത്ത് പകരും. തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പരിപാടി പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തക മേധാപട്കറാണ് ഉദ്ഘാടനം ചെയ്യുന്നത്.

കെ. റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തമായ ജനകീയ സമരങ്ങളാണ് വടകരയിലും പരിസരങ്ങളും നടന്ന് വരുന്നത്. വടകര എംഎല്‍എ കെ രമയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് ആളുകളെ ദ്വിദിന പദയാത്ര സംഘടിപ്പിച്ചിരുന്നു. ഐ.വി.ബാബുവിന്റെ ഉജ്ജ്വല ജീവിതത്തെ അഭിവാദ്യം ചെയ്യുന്നതിനോടൊപ്പം സമകാലിക ജീവിതത്തോട് ആ ഓര്‍മ്മകളെ ചേര്‍ത്തുവെക്കാനും ഭാവിയുടെ പ്രക്ഷോഭവഴികളില്‍ ഇന്ധനമാക്കാനുമുള്ള ഉത്തരവാദിത്തമാണ് അനുസ്മരണ സമിതി ഏറ്റെടുക്കുന്നത്. കേരളം ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായി രണ്ടായി പിളരുന്ന ഒരു ദുരന്ത സന്ദര്‍ഭത്തിനാണ് കെ. റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോവുന്ന ഭരണകൂടം നേതൃത്വം നല്‍കുന്നതെന്നും ഭരണകൂടങ്ങളുടെയും ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെയും നവലിബറല്‍ വികസന നയങ്ങള്‍ക്കെതിരെ ജീവിതാന്ത്യം വരെ പൊരുതിയ ഒരു മനുഷ്യന്റെ ഓര്‍മ്മ പങ്കിടുന്ന സന്ദര്‍ഭം കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകരണമെന്ന് വടകരയിലെ ജനാധിപത്യ വാദികള്‍ ഉറച്ച് വിശ്വസിക്കുന്നു. അനുസ്മരണ പരിപാടിയില്‍ കെ.കെ രമ എം.എല്‍.എ അധ്യക്ഷയാകും.

വി.ടി ബല്‍റാം, എന്‍.വേണു, പി.കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.സി ഉമേഷ്ബാബു, ഡോ.ആസാദ്, സി.ആര്‍ നീലകണ്ഠന്‍, ടി.ടി ഇസ്മായില്‍, വിജയരാഘവന്‍ ചേലിയ, ഷാജി പാണ്ട്യാല, പി.കെ പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. പരിപാടിയില്‍ വി.കെ സുരേഷ് രചിച്ച 'എം.ജി.എസ് വാക്കും ചിന്തയും' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിവിധ കലാപരിപാടികളും അരങ്ങേറും. ഐ വി ബാബു അനുസ്മരണം കെ റെയില്‍ വിരുദ്ധ മൂവ്‌മെന്റായി ഉയര്‍ത്തുന്നതിനെതിരെ സിപിഎം കേന്ദ്രങ്ങളില്‍ ശക്തമായി വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19858/iv-babu-remembrance-the-anti-k-rail-agitation-in-vadakara-will-be-strengthened)