---
title: "കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ പ്രിയമേറുന്നു"
english_title: " Online for Kudumbasree products Loved the market"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19862/online-for-kudumbasree-products-loved-the-market"
published_at: "2022-01-08T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d996cc3c14e_kudabha sree .jpg"
keywords: []
---

# കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയില്‍ പ്രിയമേറുന്നു

> **Lead Summary:** വടകര: കാലത്തിനനുസരിച്ച് മാറി ഓണ്‍ലൈന്‍ വിപണിയില്‍ ഇടപെടാന്‍ ഓപ്പണ്‍ യൂട്ടിലിറ്റി നെറ്റ്‌വര്‍ക്കുമായി കുടുംബശ്രീ. കോഴിക്കോട് ജില്ലയില്‍ ഓണക്കാലത്ത് നടത്തിയ ഓണ്‍ലൈന്‍ വിപണിയുടെ ചുവടുപിടിച്ചാണ് മൂന്ന് ജില്ലകളില്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് രൂപീകരിക്കുന്നത്. കൂടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ആവശ്യാനുസരണം ഓണ്‍ലൈനിലൂടെ വീട്ടുപടിക്കലെത്തിക്കുന്നതാണ് പദ്ധതി. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനാണ് ഓണ്‍ലൈന്‍ വ്യാപാര പദ്ധതിയുടെ നടത്തിപ്പ് ചുമതല.

## Article Content

വടകര: കാലത്തിനനുസരിച്ച് മാറി ഓണ്‍ലൈന്‍ വിപണിയില്‍ ഇടപെടാന്‍ ഓപ്പണ്‍ യൂട്ടിലിറ്റി നെറ്റ്‌വര്‍ക്കുമായി കുടുംബശ്രീ. കോഴിക്കോട് ജില്ലയില്‍ ഓണക്കാലത്ത് നടത്തിയ ഓണ്‍ലൈന്‍ വിപണിയുടെ ചുവടുപിടിച്ചാണ് മൂന്ന് ജില്ലകളില്‍ യൂട്ടിലിറ്റി നെറ്റ് വര്‍ക്ക് രൂപീകരിക്കുന്നത്. കൂടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ആവശ്യാനുസരണം ഓണ്‍ലൈനിലൂടെ വീട്ടുപടിക്കലെത്തിക്കുന്നതാണ് പദ്ധതി. സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനാണ് ഓണ്‍ലൈന്‍ വ്യാപാര പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ചെറുകിട വ്യവസായ സംരംഭങ്ങളെയും കടുംബശ്രീ ഉല്‍പ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്ക് തൊഴിലവസരം കണ്ടെത്താനും ഇതുവഴിയാവും. രാജ്യത്തെ വന്‍കിട ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഓണ്‍ലൈന്‍ വ്യാപാരപദ്ധതി.

ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയില്‍ ഓഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള ചുമതലയും കുടുംബശ്രീക്കാണ്. കുടുംബശ്രീ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ വ്യാപാരത്തെ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും. ഒരു കോടി രൂപയില്‍ താഴെ മുതല്‍ മുടക്കുള്ള വ്യവസായ യൂണിറ്റുകളെയാണ് ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുക. സംരംഭകരില്‍ നിന്ന് നിശ്ചിത തുക രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കും.

വിവര സാങ്കേതിക വകുപ്പിന്റേതാണ് സാങ്കേതിക സഹായം. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ വികസിപ്പിച്ച ആപ്പുകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുക. ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാനും പരിഹരിക്കാനും സംവിധാനമൊരുക്കി കുറ്റമറ്റ നിലയിലാണ് പദ്ധതിയുടെ രൂപകല്‍പ്പന. ഓണക്കാലത്ത് തപാല്‍ വകുപ്പിന്റെ സൗജന്യ സേവനം ഉപയോഗപ്പെടുത്തിയായിരുന്നു ഉല്‍പ്പന്ന വിതരണം. എന്നാല്‍ ഇരുചക്രവാഹനങ്ങളുള്ള കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കാളിയാക്കിയാണ് ഓപ്പണ്‍ യൂട്ടിലിറ്റി നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19862/online-for-kudumbasree-products-loved-the-market)