---
title: "വികസനമെന്നത് അടിത്തട്ടിലെ ജനങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണമാകണം:  മേധാപട്കര്‍"
english_title: " MEDHA PATKAER SAYS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20126/medha-patkaer-says-development-is-for-the-grassroots-nature-conservation"
published_at: "2022-01-10T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc1d5e2bce7_medhapatker photo.jpg"
keywords: []
---

# വികസനമെന്നത് അടിത്തട്ടിലെ ജനങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണമാകണം:  മേധാപട്കര്‍

> **Lead Summary:** **വടകര: **ഭരണകര്‍ത്താക്കള്‍ ജനങ്ങള്‍ക്കുനല്‍കുന്ന മോഹന വാഗ്ദാനമായ വികസനമെന്ന സ്വപ്‌നം അടിത്തട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്നതും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതുമാകണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഐ,വി ബാബുവിന്റെ രണ്ടാംചരമവാര്‍ഷിക ദിനത്തില്‍ കെ.റെയില്‍ വേണ്ട എന്ന പ്രമേയത്തില്‍ ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു അവര്‍.

## Article Content

**വടകര: **ഭരണകര്‍ത്താക്കള്‍ ജനങ്ങള്‍ക്കുനല്‍കുന്ന മോഹന വാഗ്ദാനമായ വികസനമെന്ന സ്വപ്‌നം അടിത്തട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്നതും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതുമാകണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഐ,വി ബാബുവിന്റെ രണ്ടാംചരമവാര്‍ഷിക ദിനത്തില്‍ കെ.റെയില്‍ വേണ്ട എന്ന പ്രമേയത്തില്‍ ഉദ്ഘാടനപ്രസംഗം നടത്തുകയായിരുന്നു അവര്‍.

വികസനം കൊണ്ടുവരുമ്പോള്‍ ജനങ്ങളോട് ചര്‍ച്ചചെയ്യേണ്ടതുണ്ട് . അത് നടന്നുകഴിഞ്ഞിട്ടല്ല ചര്‍ച്ചചെയ്യേണ്ടത്. പാര്‍ലമെന്റ് സംവിധാനംപോലും ശരിയായവിധം പ്രവര്‍ത്തിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത് അവിടെയാണ് ഇടതുപക്ഷമെന്ന് പറയുന്ന സര്‍ക്കാര്‍ കെ.റെയില്‍ പോലെയുള്ള പദ്ധതിയുമായി മുന്നോട്ട് വരുന്നത്. ഇത് അങ്ങേയറ്റം അപകടകരമാണ്. മഹാരാഷ്ട്ര അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ വിഷയത്തില്‍ വലിയ സമരപരിപാടികള്‍ നടക്കുകയാണ്. ഈ പദ്ധതിക്കെതിരെ ഞങ്ങളോടൊപ്പം സമരംചെയ്യുന്നവരാണ് സി.പി.എം നേതൃത്വം. അതേപാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് സമാനമായ ഒരു പദ്ധതിക്ക് അവര്‍ പച്ചക്കൊടികാണിക്കുന്നതെന്ന് മേധ ചോദിച്ചു.

അവിടെ സാമ്പത്തിക ആഘാതവും പാരിസ്ഥിതിക ആഘാതവുമുണ്ടാകുമെന്ന് ശക്തമായി പറയുന്ന സി.പി.എം എന്തുകൊണ്ടാണ് കേരളത്തില്‍ ബുള്ളറ്റ് ട്രെയിന്‍പോലെത്തന്നെ വിദേശ ഫണ്ട് സ്വീകരിച്ചുകൊണ്ടുള്ള ഒരു പദ്ധതിയെ അനുകൂലിക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്? ഇത് കൃത്യമായ രാഷ്ട്രീയ ഇരട്ടത്താപ്പാണ്. രണ്ട് പ്രളയങ്ങളും ഓഖിപോലുള്ള പ്രകൃതി ദുരന്തങ്ങളും നേരിട്ടവരാണ് കേരള ജനത. അവര്‍ക്കിടയിലാണ് 140 കിലോമീറ്ററിലേറെ നെല്‍വയലുകളും പുഴകളും ജലസ്രോതസുകളും ഇല്ലാതാക്കി ഇങ്ങിനെയൊരു ഭീമന്‍ പദ്ധതി കൊണ്ടുവരുന്നത്. 153000 പേര്‍ കൊവിഡ് കാലത്ത് ആത്മഹത്യചെയ്ത നാടാണ് നമ്മുടേത്. ഓക്‌സിജന്‍ ലഭിക്കാതെ ജനങ്ങള്‍ മരിച്ചുവീഴുന്ന രാജ്യമാണിത്.

ഇവിടെയാണ് ജനവിരുദ്ധമായ പദ്ധതി നടപ്പിലാക്കാന്‍ ജനാധിപത്യത്തിലൂടെ ഭരണത്തിലേറിയ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ മേധാപട്കറടക്കമുള്ളമുള്ളര്‍ തയ്യാറാക്കിയ ഹരിത മാനിഫെസ്റ്റോ വി.ടി ബല്‍റാമിന് അവര്‍ നല്‍കി. ഇനി വരുന്ന രാഷ്ട്രീയകക്ഷികളും ഭരണകൂടങ്ങളും പുതിയൊരു ഹരിതരാഷ്ട്രീയത്തിലേക്ക് കടക്കണമെന്നും മേധ അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ കെ.കെ രമ എം.എല്‍.എ അധ്യക്ഷയായി. ഐ.വി ബാബു അനുസ്മരണ പ്രഭാഷണം ഷാജി പാണ്ട്യാല നടത്തി. കെ.സി ഉമേഷ്ബാബു, വി.ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍.വേണു, പി.കെ പ്രിയേഷ്‌കുമാര്‍, ടി.കെ സിബി, പി.എം വിനു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20126/medha-patkaer-says-development-is-for-the-grassroots-nature-conservation)