---
title: "വടകരയില്‍ പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി"
english_title: " Roof solar plants Ready for inauguration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20292/roof-solar-plants-ready-for-inauguration"
published_at: "2022-01-11T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd6a8847818_solar plant.jpg"
keywords: []
---

# വടകരയില്‍ പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി

> **Lead Summary:** വടകര : കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സൗരപദ്ധതിയുടെ ഭാഗമായി വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിലെ വീടുകളില്‍ സ്ഥാപിച്ച പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി.

## Article Content

വടകര : കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സൗരപദ്ധതിയുടെ ഭാഗമായി വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളിലെ വീടുകളില്‍ സ്ഥാപിച്ച പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി.

സംസ്ഥാനത്തെ സൗരോര്‍ജ ഉത്പാദന ശേഷി 1000 മെഗാവാട്ട് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഊര്‍ജകേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സൗരപദ്ധതിയുടെ ഭാഗമായാണ് വീടുകളില്‍ സൗരോര്‍ജപാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

സബ്‌സിഡിയോടുകൂടി 200 മെഗാവാട്ട് സൗരോര്‍ജം വീടുകളില്‍നിന്ന് ഉത്പാദിപ്പിക്കാനാണ് നിലവില്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുള്ളത്. സബ്‌സിഡി പദ്ധതിപ്രകാരം 3 കിലോവാട്ട് വരെ 40 ശതമാനവും 3 മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ള ഡെവലപ്പര്‍വഴി 70 മെഗാവാട്ടിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഗാരണ്ടിയാണ് കമ്പനി നല്‍കുന്നത്. ഒരുവര്‍ഷം ശരാശരി നിലയത്തില്‍നിന്ന് ഒരു കിലോവാട്ട്‌സിന് നാലുയൂണിറ്റ് പ്രതിദിനം ഉത്പാദനം ലഭ്യമാക്കിയാല്‍ മൂന്നരവര്‍ഷംകൊണ്ട് മുടക്കുമുതല്‍ വൈദ്യുതി ചാര്‍ജ് ഇനത്തിലൂടെ ലഭിക്കുമെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്.

സബ്‌സിഡി ഒഴിവാക്കിയാല്‍ ഒരു കിലോവാട്ട്‌സിന് ഏകദേശം 35,000 രൂപയാണ് ചെലവ്. പ്ലാന്റ് വെക്കാനുദ്ദേശിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന പാനലിനും ഇന്‍വെര്‍ട്ടറിനും അനുസരിച്ച് വില വ്യത്യാസപ്പെടും. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ekiran.kseb.inലും ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20292/roof-solar-plants-ready-for-inauguration)