---
title: " #cleaningnotdone | ഓവുചാലുകൾ അടഞ്ഞു തന്നെ ,നഗരം വെള്ളക്കെട്ടിലേക്ക്; മഴക്കാലപൂർവ്വ ശുചീകരണം നടന്നില്ല"
english_title: " #drains #are #closed  #city  #flooded #Premonsoon #cleaning #was #not #done"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/208867/drains-are-closed-city-flooded-premonsoon-cleaning-was-not-done-new-update"
published_at: "2024-05-31T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66597ca2411d5_gds.jpg"
keywords: []
---

#  #cleaningnotdone | ഓവുചാലുകൾ അടഞ്ഞു തന്നെ ,നഗരം വെള്ളക്കെട്ടിലേക്ക്; മഴക്കാലപൂർവ്വ ശുചീകരണം നടന്നില്ല

> **Lead Summary:** **വടകര :[ **വടകര നഗരസഭയ്ക്ക് കീഴിലെ ഒരു വാർഡിൽ പോലും മഴക്കാലപൂർവ്വ ശുചീകരണം നടക്കാത്തതിനാൽ കാലവർഷം ആരംഭിച്ചതോടെ വടകര നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ട് കൊടുതികൾ ആരംഭിച്ചു.

## Article Content

**വടകര :[ **വടകര നഗരസഭയ്ക്ക് കീഴിലെ ഒരു വാർഡിൽ പോലും മഴക്കാലപൂർവ്വ ശുചീകരണം നടക്കാത്തതിനാൽ കാലവർഷം ആരംഭിച്ചതോടെ വടകര നഗരവും പരിസര പ്രദേശങ്ങളും വെള്ളക്കെട്ട് കൊടുതികൾ ആരംഭിച്ചു.

മഴവെള്ളം ഓവുചാലുകളിലൂടെ ഒഴിഞ്ഞു പോകാതെ റോഡുകളിൽ കെട്ടിക്കിടക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്യുകയാണ്. നാരായണനഗരം ചീരാംവീട് വാർഡുകളിൽ സ്ഥിതി ഗുരുതരമാണ്.

വർഷാ വർഷങ്ങളിൽ വേനൽക്കാലത്ത് മുഴുവൻ ഓടകളും വൃത്തിയാക്കുന്ന പതിവ് പ്രവർത്തിയാണ് ഈ വർഷം മുടങ്ങിയത്. വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിൽ ഗതാഗത തടസം മാത്രമല്ല കുറഞ്ഞകാലയളവ് കൊണ്ട് റോഡുകൾ പൂർണ്ണമായും തകരുന്ന അവസ്ഥയുമുണ്ടാകും.

വെള്ളം ഒഴിഞ്ഞു പോകാതെ വന്നാൽ വീടുകളിലേയും സ്ഥാപനങ്ങളിലേയും സെപ്റ്റിക് ടാങ്കുകളേയും കിണറുകളേയും ബാധിക്കും. ജനങ്ങൾ ഇതിൽ ആശങ്കയിലാണ്. വിനിയോഗിക്കാൻ ഫണ്ട് അനുവദിക്കാത്തതിനാലാണ് ഓടകൾ ശുചീകരിക്കുന്ന പ്രവൃത്തി നടത്താൻ കഴിയാത്തതെന്നാണ് കൗൺസിലർമാർ പറയുന്നത്.

സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി ഇത്തരം അടിസ്ഥാന ആവശ്യങ്ങളേയും ബാധിച്ചതായാണ് നാട്ടുകാർ കരുതുന്നത്. 47 വാർഡുകളിൽ ശുചീകരണം നടത്താനുള്ളത്രയും തൊഴിലാളികൾ നഗരസഭയിൽ ഇല്ല.

തൊഴിലുറപ്പ് തൊഴിലാളികളെ എൽപ്പിക്കാൻ ഫണ്ടിൻ്റെ അപര്യാപ്തയുമുണ്ടെന്ന് അധികൃതരുടെ ഭാഷ്യം. നിലവിൽ രണ്ട് ദിവസം മഴ പെയ്തപ്പോൾതന്നെ ജനങ്ങളിൽ നിന്ന് പരാതി ഉയരുകയാണ്.

കാലവർഷം ശക്തമാകുന്നതോടെ സ്ഥിതി രൂക്ഷമാകും. അങ്ങിനെ വെള്ളം നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തി നടത്തൽ പ്രായോഗികമല്ല. മഴക്കാലപൂർവ്വ ശുചീകരണ ഉദ്ഘാടനം എന്ന പേരിൽ ചെയർപേഴ്സൺ പങ്കെടുത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചടങ്ങ് നടത്തി എന്നല്ലാതെ പിന്നീട് ഒരു പ്രവർത്തിയും നടന്നിട്ടില്ല എന്ന ആക്ഷേപമുണ്ട്.

ഒടകളിൽ വെളളം തടസമില്ലാതെ പോകാതിരുന്നാൽ തഴെ അങ്ങാടിയിലും മറ്റും കുടിവെള്ളം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകും. പതിനായിരം രൂപ ഇതിനായി ഓരോ വാർഡിലും അനുവദിക്കുമെന്നാണ് കൗൺസിലർമാർക്ക് നഗരസഭ അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ജെ.സി.ബിക്ക് ഏതാനും മണിക്കൂറുകൾ പ്രവത്തിക്കാനുള്ള തുക മാത്രമാണ് ഇത് എന്നാണ് കൗൺസിലർമാർ പറയുന്നത്.

ഇത് കൊണ്ട് പ്രവർത്തി പൂർത്തീകരിക്കാനാകില്ല. അടിയന്തര നടപടി ആവശ്യപ്പെടുകയാണ് ജന പ്രതിനിധികളടക്കമുള്ള പൊതുപ്രവർത്തകർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/208867/drains-are-closed-city-flooded-premonsoon-cleaning-was-not-done-new-update)