---
title: "ജില്ലയില്‍ കടുത്ത നിയന്ത്രണം ; ബസ്സില്‍  നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല "
english_title: " Strict control in the district; Travel by bus is not allowed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21289/strict-control-in-the-district-travel-by-bus-is-not-allowed"
published_at: "2022-01-17T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e55f6b027c2_bus photo.jpg"
keywords: []
---

# ജില്ലയില്‍ കടുത്ത നിയന്ത്രണം ; ബസ്സില്‍  നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല 

> **Lead Summary:** **വടകര : ** കൊവിഡ് ടിപിആര്‍ കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലിയില്‍ പൊതുയോഗങ്ങള്‍ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

## Article Content

**വടകര : ** കൊവിഡ് ടിപിആര്‍ കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലിയില്‍ പൊതുയോഗങ്ങള്‍ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

നഗരത്തിലടക്കം പരിശോധന കര്‍ശനമാക്കുമെന്നും കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. അതേസമയം, ഒമിക്രോണ്‍ ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമെന്ന് വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തി. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ സാധ്യത സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ 51 സാമ്പിളുകളില്‍ 38 എണ്ണത്തിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. സമൂഹ വ്യാപന ആശങ്ക ശക്തമാക്കുന്നതാണ് ഇത്. ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍, കേസുകള്‍ നേരിടാനുള്ള കര്‍മ്മ പദ്ധതിയുടെ ആദ്യഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കും.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്ക കനക്കുകയാണ്. ഇന്നലെ 30.55 ശതമാനമായിരുന്നു ടിപിആര്‍. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളിലാണ്.

ഇന്നലെ 3204 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 3927 പേര്‍ക്കാണ് രോഗം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം ക്ലസ്റ്ററുകള്‍ രൂപപ്പെട്ട കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ റാന്‍ഡം പരിശോധന നടത്തും. ഒമിക്രോണ്‍ വ്യാപനം സംശയിക്കുന്ന ഇടങ്ങളില്‍ ജനിതക പരിശോധനയും നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21289/strict-control-in-the-district-travel-by-bus-is-not-allowed)