---
title: "വടകര ജില്ലാ ആശുപത്രിയില്‍ 14 ജീവനക്കാര്‍ക്ക്  കോവിഡ് "
english_title: " Vadakara District Hospital has 14 employees Covid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21923/vadakara-district-hospital-has-14-employees-covid"
published_at: "2022-01-21T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea222a5a7ec_kovid hospital.jpg"
keywords: []
---

# വടകര ജില്ലാ ആശുപത്രിയില്‍ 14 ജീവനക്കാര്‍ക്ക്  കോവിഡ് 

> **Lead Summary:** വടകര : വടകര ഗവ.ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 ഓളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ മൂന്നുപേര്‍ക്ക് രോഗം വന്നതിനുപിന്നാലെയാണിത്. നാലുഡോക്ടര്‍മാര്‍ക്കാണ് കോവിഡ്. ബാക്കിയുള്ളത് നഴ്‌സുമാരും ശുചീകരണവിഭാഗംജീവനക്കാരുമാണ്.

## Article Content

വടകര : വടകര ഗവ.ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 ഓളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ മൂന്നുപേര്‍ക്ക് രോഗം വന്നതിനുപിന്നാലെയാണിത്. നാലുഡോക്ടര്‍മാര്‍ക്കാണ് കോവിഡ്. ബാക്കിയുള്ളത് നഴ്‌സുമാരും ശുചീകരണവിഭാഗംജീവനക്കാരുമാണ്.

കൂടുതല്‍പേരും നഴ്‌സുമാരാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും കുറഞ്ഞതോടെ ആശുപത്രിയുടെ ദൈനംദിനപ്രവര്‍ത്തനം പ്രതിസന്ധി നേരിടുകയാണ്. ആശുപത്രിയിലെ ഒ.പി.യിലും മറ്റും തിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് പ്രതിസന്ധി രൂപപ്പെടുന്നത്. ഇപ്പോഴും ദിവസം 1500നും രണ്ടായിരത്തിനടുത്ത് ആളുകള്‍ ഒ.പി.യിലെത്തുന്നുണ്ട്.

കോവിഡിന്റെ രണ്ടാംതരംഗസമയത്ത് അത്യാവശ്യക്കാര്‍ മാത്രമാണ് ഒ.പി.യിലെത്തിയിരുന്നത്. മൂന്നാംതരംഗം അതിരൂക്ഷമായിട്ടും ഒ.പി.യിലെത്തുന്നവരുടെ എണ്ണത്തില്‍ ഒരുകുറവുമില്ല. അത്യാഹിതവിഭാഗത്തില്‍പോലും നല്ല തിരക്കാണ്. കോവിഡ് രോഗികളും അതേപോലെ മറ്റു രോഗികളും വര്‍ധിച്ച സാഹചര്യത്തിലാണ് ജീവനക്കാരും കോവിഡ്ബാധിതരായത്.

നിലവിലുള്ള ജീവനക്കാരെവെച്ച് കാര്യമായ പ്രശ്‌നമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍, കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യ കേസുകള്‍ക്ക് പരിഗണന നല്‍കുന്നവിധത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ മാറും. കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ രീതിയിലാണ് തീരുമാനംവന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21923/vadakara-district-hospital-has-14-employees-covid)