വടകര:(vatakara.truevisionnews.com) കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ബസ് തൊഴിലാളികൾ രാവിലെ മുതൽ പണിമുടക്കിൽ.


തൊഴിൽ ബഹിഷ്കരണം യാത്രക്കാരെ വലച്ചു. ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
എന്നാൽ സമരത്തിന് യൂണിയനുകളുടെ പിന്തുണയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ വ്യക്തമാക്കി. മൂന്നൂറിലേറെ തൊഴിലാളികളടങ്ങിയ വാട്‌സാപ്പ് കൂട്ടായ്മയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദേശീയപാത സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്ന് തരിപ്പണമായിരിക്കുകയാണ്. ഇതിലൂടെയുള്ള യാത്ര ബസ് ജീവനക്കാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുകയാണ്.
കൃത്യമായി ഓടിയെത്താനാവുന്നില്ല. ബസുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി.
ഇതോടൊപ്പം മടപ്പള്ളിയിൽ സിബ്രാ ലൈൻ മുറിച്ചു കടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ യാത്രക്കാർക്ക് ട്രെയിൻ സർവീസിനെയോ കെഎസ്ആർടിസിയെയോ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.
പെരുമഴക്കാലത്തെ ബസ് സമരം യാത്രക്കാരെ ശരിക്കും വലക്കുകയാണ്.
#Bus #workers #on #strike #Passengers #were #stranded