---
title: "#Roadissue | കീഴൽമുക്ക് - മേമുണ്ട മഠം റോഡ് പുഴയായി; നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് യാത്രാ ദുരിതം"
english_title: "#Keezhalmuk #Memunda #Matham #Road #Travel #woes #for #hundreds #of #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/220480/keezhalmuk-memunda-matham-road-travel-woes-for-hundreds-of-students-new"
published_at: "2024-07-16T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66967b7e51218_road.jpg"
keywords: []
---

# #Roadissue | കീഴൽമുക്ക് - മേമുണ്ട മഠം റോഡ് പുഴയായി; നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് യാത്രാ ദുരിതം

> **Lead Summary:** **വടകര : **പ്രധാനമന്ത്രി ഗ്രാമീണസഡക്ക് യോജന പദ്ധതിയുടെ ഭാഗമായ വായേരിമുക്ക് - അമരാവതി റോഡിന്റെ ഭാഗമായ കീഴൽമുക്ക് - മേമുണ്ട മഠം റോഡാണ് പൂർണ്ണമായും മഴക്കുഴികളായി തീർന്നിരിക്കുന്നത്.

## Article Content

**വടകര : **പ്രധാനമന്ത്രി ഗ്രാമീണസഡക്ക് യോജന പദ്ധതിയുടെ ഭാഗമായ വായേരിമുക്ക് - അമരാവതി റോഡിന്റെ ഭാഗമായ കീഴൽമുക്ക് - മേമുണ്ട മഠം റോഡാണ് പൂർണ്ണമായും മഴക്കുഴികളായി തീർന്നിരിക്കുന്നത്.

വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരേ പോലെ ദുരിതമാണ് ഈ റോഡിലൂെടെയുള്ള യാത്ര സമ്മാനിക്കുന്നത്.

മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ, എസ് എൻ കോളേജ്, എം.ഇ.എസ് കോളേജ്, അൻസാർ കോളേജ് , കടത്തനാട് കോളേജ്, കീഴൽ ദേവിവിലാസം യു.പി. സ്കൂൾ, കീഴൽ യു.പി. സ്കൂൾ മേമുണ്ട ഈസ്റ്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയാണിത്.

നൂറുകണക്കിന് വാഹനങ്ങളും ആളുകളും ഇടതടവില്ലാതെ കടന്നുപോകുന്ന ഈ വഴി വടകര ടൂറിസം കോറിഡോറിൻ്റെ ഭാഗമായ ലോകനാർകാവ് ,പയംകുറ്റിമല,മേമുണ്ട മഠം നാഗക്ഷേത്രം എന്നിവിടങ്ങളിലേക്കുമുള്ള വഴി കൂടിയാണ്.

മഴ വെള്ളം ഒഴുകിപ്പോവാൻ കഴിയുന്ന രീതിയിൽ ഓവുചാൽ നിർമ്മിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്ന് നാട്ടുകാർ പറയുന്നു.

പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ നിന്ന് 6 കോടി 17 ലക്ഷം രൂപ ഈ റോഡിനായി അനുവദിച്ചിട്ടുണ്ട്.

റോഡ് വികസനത്തിന് സ്ഥലമെടുപ്പിനായി വില്യാപ്പള്ളി പഞ്ചായത്ത് മുൻകൈയിൽ പ്രദേശത്തുകാരുടെ യോഗം ചേർന്ന് തീരുമാനെമെടുക്കുകയും ഭൂരിപക്ഷം ആളുകളും സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

ഏതാനും ആളുകൾ സ്ഥലം വിട്ടുകൊടുക്കാത്തതാണ് റോഡ് പണി അനിശ്ചിതമായി നീണ്ടു പോകാനുളള കാരണമായി പറയുന്നത്. റോഡ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയപാർടികളുടെ നേതൃത്വത്തിൽ വികസന സന്ദേശജാഥ നടത്തിയിരുന്നു.

പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി ഫണ്ട് വിനിയോഗിച്ച് വാഴേരിമുക്ക് മുതൽ അവരാവതിവരേയുള്ള റോഡ് വികസനത്തിന് മണിയൂർ - വില്യാപ്പള്ളി പഞ്ചായത്തുകളുടെ ഏകീകരിച്ച പ്രവർത്തനവും നടക്കുന്നില്ല.

അനുവദിക്കപ്പെട്ട ഫണ്ട് കാലഹരണപ്പെട്ടുപോകാതെ ദ്രുതഗതിയിലുള്ള ഇടപെൽ നടത്തി മർമ്മപ്രധാനമായ റോഡിനെ നവീകരിക്കണം എന്ന ആവശ്യം പരക്കെ ഉയരുകയാണ്.

> " ഏതാനും ആളുകൾ കൂടി സ്ഥലം വിട്ടു നൽകിയാൽ മാത്രമേ വീതികൂട്ടി ഓവുചാലോടുകൂടി വികസനം നടത്താൻ കഴിയൂ. നിലവിലുള്ള ഫണ്ടിൽ നിന്ന് സ്ഥലമേറ്റെടുക്കാനും, മതിലുകൾ പൊളിച്ച് കെട്ടിക്കൊടുക്കാനും സാധിക്കില്ല. ഈ ആവശ്യം കൂടി പരിഗണിച്ച് മുന്നോട്ട് പോകാൻ സർവ്വകക്ഷി സമിതി പരിശ്രമം ആരംഭിച്ചിട്ടുണ്ട്. വൈകാതെ പരിഹാരം ഉണ്ടാകും എന്നാണ് കരുതുന്നത് " പി.കെ.മുരളീധരൻ വൈസ് പ്രസിഡണ്ട്, വില്യാപ്പള്ളി പഞ്ചായത്ത്. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/220480/keezhalmuk-memunda-matham-road-travel-woes-for-hundreds-of-students-new)