---
title: "#Mnarayani  | ജ്വലിക്കുന്ന ഓർമ്മകൾ; പെൺ മനസ്സുകളെ സമര സജ്ജരാക്കിയ നായിക വിടവാങ്ങി"
english_title: "#Burning #memories #The #heroine #made #women's #minds #ready #fight #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/221900/burning-memories-the-heroine-made-womens-minds-ready-fight-passed-away"
published_at: "2024-07-22T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669dd0e3e05cd_narayanii.jpg"
keywords: []
---

# #Mnarayani  | ജ്വലിക്കുന്ന ഓർമ്മകൾ; പെൺ മനസ്സുകളെ സമര സജ്ജരാക്കിയ നായിക വിടവാങ്ങി

> **Lead Summary:** **വടകര :[ **തൊഴിലാളികളെയും പെൺ മനസ്സുകളെയും സമര സജ്ജരാക്കിയ നായിക വിടവാങ്ങി. മഹിള, കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമര പോരാട്ടങ്ങളിലെ മുൻ നിര പോരാളി എം നാരായണിക്ക് നാട് വിട നൽകി.

## Article Content

**വടകര :[ **തൊഴിലാളികളെയും പെൺ മനസ്സുകളെയും സമര സജ്ജരാക്കിയ നായിക വിടവാങ്ങി. മഹിള, കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ സമര പോരാട്ടങ്ങളിലെ മുൻ നിര പോരാളി എം നാരായണിക്ക് നാട് വിട നൽകി.

ഞായർ രാവിലെ പത്തരയോ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ജീവിതത്തിൻ്റെ നാനാതുറകളിലുള്ളവർ അന്ത്യാജ്ഞലി അർപ്പിക്കാനെത്തി.

സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനം നടത്താൻ മടിച്ചു നിന്ന കാലത്ത് എം കേളപ്പേട്ടൻ്റെ സഹധർമിണിയായി വടകരയിലും പരിസര പ്രദേശങ്ങളിലും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കെട്ടിപ്പടുക്കാൻ മുൻനിരയിലുണ്ടായിരുന്നു.

നാദാപുരത്തും മലയോര മേഖലകളിലും ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്കും കർഷക തൊഴിലാളികൾക്കുമായി എണ്ണമറ്റ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

കർഷക തൊഴിലാളിയായി ജീവിതം ആരംഭിച്ച നാരായണിക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ്റ സംസ്ഥാന നേതൃനിരയിൽ വരെ തൻ്റ സംഘടനാ മികവ് തെളിയിച്ചു.

ജില്ലയിൽ ആകമാനം സഞ്ചരിച്ച് മഹിളാ പ്രസ്ഥാനം കെട്ടിപ്പടുത്തു. നാടകവും വടക്കൻ പാട്ടും തച്ചോളിക്കളിയും ജീവതാളമാക്കി ശക്തമായ സ്ത്രി സാന്നിധ്യമായി മാറി.

ഭർത്താവ് എം കേളപ്പൻ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലായിരുന്നു നാരായണിയുടെ അഭിനയത്തിലെ അരങ്ങേറ്റം. സമരോത്സുകമായ ഒരു കാലത്തിൻ്റെ കത്തുന്ന അരങ്ങിലേക്ക് ഒരു സ്ത്രീ കഥാപാത്രത്തിൻ്റ കടന്നുവരവായിരുന്നു അത്.

നാടകത്തിനും തച്ചോളി പാട്ടിനുമെല്ലാം നാടിനെ മാറ്റാനുള്ള മഹത്തായ ലക്ഷ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ എം കെ പണിക്കോട്ടിയുടെ സർഗജീവിതത്തിനും ഇത് കരുത്തായി മാറി.

എണ്ണമറ്റ സമര പോരാട്ടങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച സൗമ്യമായ പെരുമാറ്റത്തിലൂടെ നാടിൻ്റെ ഹൃദയപക്ഷമായി മാറിയ വനിതാ നേതാവിനെയും കലാകാരിയുമാണ് നാടിന് നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/221900/burning-memories-the-heroine-made-womens-minds-ready-fight-passed-away)