---
title: "#KKRamaMLA | മന്ത്രിയെ കാണും; കശുവണ്ടി വികസന കോർപ്പറേഷൻ്റെ യാർഡ് മതിൽ തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു"
english_title: "#KKRama #MLA #visited #site #yard #wall #Cashew #Development #Corporation #collapsed #department #will #meet #the #minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222031/kkrama-mla-visited-site-yard-wall-cashew-development-corporation-collapsed-department-will-meet-the-minister"
published_at: "2024-07-22T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e2edcd3dbb_rama.jpg"
keywords: []
---

# #KKRamaMLA | മന്ത്രിയെ കാണും; കശുവണ്ടി വികസന കോർപ്പറേഷൻ്റെ യാർഡ് മതിൽ തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു

> **Lead Summary:** **അഴിയൂർ:** ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡിൻ്റെ ചുറ്റുമതിൽ രണ്ടാമതും തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു.

## Article Content

**അഴിയൂർ:** ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡിൻ്റെ ചുറ്റുമതിൽ രണ്ടാമതും തകർന്ന സ്ഥലം കെകെ രമ എംഎൽഎ സന്ദർശിച്ചു.

പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായും മാലിന്യ നിക്ഷേപ കേന്ദ്രമായും ഇഴജന്തുക്കളുടെയും വന്യജീവികളുടെയും വിഹാര കേന്ദ്രവുമായി മാറിയ മൂന്നര ഏക്കർ ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനും, ജനോപകാരപ്രദമായ പദ്ധതികൾക്ക് വേണ്ടി ഉപയോഗപ്പെടുത്തും വിധം അടിയന്തിര നടപടി സ്വീകരിക്കുവാനും വകുപ്പ് മന്ത്രിയെ കാണുമെന്നും, ചുറ്റുമതിൽ നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചതായും എംഎൽഎ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് യാർഡിൻ്റെ വടക്ക് ഭാഗത്തെ മതിൽ തകർന്ന് വീണത്.

വിദ്യാർത്ഥികൾ അടക്കം നിരന്തരം യാത്ര ചെയ്യുന്ന വഴിയിലാണ് മതിൽ തകർന്ന് വീണത്. രാത്രിയായതിനാലാണ് വൻ അപകടം ഒഴിവായത്.

കഴിഞ്ഞ മാസം കനത്ത മഴയത്തും പടിഞ്ഞാറ് ഭാഗത്തെ മതിൽ തകർന്ന് വീണിരുന്നു.

ചുറ്റുമതിലിന്റെ അപകട ഭീഷണി നിലനിൽക്കുന്ന ഉയർന്ന ഭാഗങ്ങൾ അടിയന്തരമായി പൊളിച്ചു മാറ്റാൻ പഞ്ചായത്ത് അധികൃതരോട് എംഎൽഎ നിർദ്ദേശിച്ചു.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ നാളികേര സംസ്കരണ കേന്ദ്രം സ്ഥാപിക്കാനായി എംഎൽഎയുടെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ പ്രാഥമിക ഫണ്ട് വകയിരുത്തിയിരുന്നു. എന്നാൽ ഭൂമി വിട്ടു കിട്ടാത്തത് കാരണം തുടർനടപടികൾ ഉണ്ടായിട്ടില്ല.

കശുവണ്ടി വികസന കോർപ്പറേഷൻ പഴയ യാർഡ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം വിനിയോഗിക്കുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ, വാർഡ് മെമ്പർ സാലിം പുനത്തിൽ, രാജൻ മാസ്റ്റർ, കെ ബാബുരാജ്, കെ പി അനിൽകുമാർ, ശ്രീജിത്ത് കെ കെ, ടി സി രാമചന്ദ്രൻ, അശോകൻ കളത്തിൽ എന്നിവർ സംബന്ധിച്ചു.

ചുറ്റുമതിൽ അടിയന്തിരമായി പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ സാലിം പുനത്തിൽ എംഎൽഎയ്ക്ക് നിവേദനം നൽകി.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ചുറ്റുമതിലിൻ്റെ ഉയർന്ന ഭാഗങ്ങൾ പ്രസിഡണ്ടിൻ്റെ പ്രത്യേക അടിയന്തിര ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഉയർന്ന ഭാഗങ്ങൾ പൊളിച്ച് മാറ്റുമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222031/kkrama-mla-visited-site-yard-wall-cashew-development-corporation-collapsed-department-will-meet-the-minister)