---
title: "#Ministermohammadriaz | അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടി -മന്ത്രി മുഹമ്മദ് റിയാസ്"
english_title: "#Strict #action #against #cyber #attack #Arjun #family #Minister #Mohammadriaz"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222841/strict-action-against-cyber-attack-arjun-family-minister-mohammadriaz"
published_at: "2024-07-25T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a2912d28df5_kadanna.jpg"
keywords: []
---

# #Ministermohammadriaz | അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടി -മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** **വടകര: **കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

## Article Content

**വടകര: **കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

> "അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്.

ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു.

മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്.

> സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരും," മന്ത്രി പറഞ്ഞു.

അർജുന്റെ ബന്ധുക്കളും എഡിറ്റ് ചെയ്തു അപകീർത്തികരമായ രീതിയിൽ അവതരിപ്പിക്കുന്ന സൈബർ പ്രചാരണത്തിന്റെ വിവരങ്ങൾ മന്ത്രിയെ നേരിൽ ധരിപ്പിച്ചു.

ഷിരൂരിൽ നടക്കുന്ന തെരച്ചിൽ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222841/strict-action-against-cyber-attack-arjun-family-minister-mohammadriaz)