---
title: "അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി യുപിഎസ്എ ഷോര്‍ട്ട് ലിസ്റ്റില്‍ പെട്ടവര്‍ക്ക്  ആശങ്ക"
english_title: " Judgment of the Administrative Tribunal For those on the UPSA shortlist Concern"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22355/judgment-of-the-administrative-tribunal-for-those-on-the-upsa-shortlist-concern"
published_at: "2022-01-24T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee0f3ad2865_teacher photo.jpg"
keywords: []
---

# അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി യുപിഎസ്എ ഷോര്‍ട്ട് ലിസ്റ്റില്‍ പെട്ടവര്‍ക്ക്  ആശങ്ക

> **Lead Summary:** വടകര : പഴയ റാങ്ക് പട്ടികയിലുള്ളവര്‍ക്കായി അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയില്‍ ആശങ്കയോടെ ജില്ലയില്‍ യു.പി.എസ്.എ. പരീക്ഷ എഴുതി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് 2016 ഡിസംബറില്‍ കാലാവധി തീര്‍ന്ന റാങ്ക് പട്ടികയിലുള്ളവര്‍ നല്‍കിയ കേസില്‍ ട്രിബ്യൂണലിന്റെ വിധി വന്നത്.

## Article Content

വടകര : പഴയ റാങ്ക് പട്ടികയിലുള്ളവര്‍ക്കായി അധ്യാപക ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയില്‍ ആശങ്കയോടെ ജില്ലയില്‍ യു.പി.എസ്.എ. പരീക്ഷ എഴുതി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് 2016 ഡിസംബറില്‍ കാലാവധി തീര്‍ന്ന റാങ്ക് പട്ടികയിലുള്ളവര്‍ നല്‍കിയ കേസില്‍ ട്രിബ്യൂണലിന്റെ വിധി വന്നത്.

പരീക്ഷ കഴിഞ്ഞശേഷം ഉയര്‍ന്ന മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ കൂട്ടായ്മയുണ്ടാക്കി റിപ്പോര്‍ട്ട് ചെയ്യിച്ച 58 ഒഴിവുകളിലേക്ക് 2016ല്‍ കാലാവധി കഴിഞ്ഞ പട്ടികയില്‍നിന്ന് നിയമനം നടത്താനുള്ള നീക്കം അന്യായമാണെന്ന് അവര്‍ വാദിക്കുന്നു. ട്രിബ്യൂണല്‍ വിധിക്കെതിരേ ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

2016ല്‍ കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തിനുപുറമേ, 10 മാസംകൂടി കാലാവധി സര്‍ക്കാര്‍ നീട്ടിനല്‍കിയിരുന്നു. നീട്ടിയ കാലാവധിക്കുള്ളിലും ഒട്ടേറെപ്പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്നും പുതിയ ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

അതിനുശേഷം 2018ല്‍ നിലവില്‍ വന്ന റാങ്ക് പട്ടിക 2021ല്‍ റദ്ദായി. നിലവിലെ ഒഴിവുകളെല്ലാം 2020നുശേഷം റിപ്പോര്‍ട്ട് ചെയ്തതാണെന്ന വിവരാവകാശ രേഖകളുണ്ടെന്നും അവര്‍ പറയുന്നു. ഈ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോവണമെന്നും ആശങ്ക പരിഗണിക്കണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22355/judgment-of-the-administrative-tribunal-for-those-on-the-upsa-shortlist-concern)