വടകര: (vatakara.truevisionnews.com)മാഹിപ്പുഴയുടെ കൈവഴിയായ തുരുത്തി മുക്ക് പുഴയിൽ നിന്നു നടുത്തുരുത്തിയിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ 10 പേരെ വീട്ടിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെത്തിച്ച് തട്ടോളിക്കര യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
ബന്ധുക്കളായ ഇവർ ഒരു വീട്ടിലാണ് ഉണ്ടായിരുന്നത്. വരാന്ത വരെ വെള്ളം കയറിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക തഹസിൽദാരുടെ സഹായം തേടുകയായിരുന്നു.
തഹസിൽദാരുടെ നിർദേശ പ്രകാരം വടകര ഫയർ സ്റ്റേഷൻ ഓഫീസർ പി.ഒ.വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
രണ്ട് കുട്ടികളും ഭിന്നശേഷിക്കാരിയും പ്രായമായ സ്ത്രീയും ഉൾപെടെയുള്ളവരെയാണ് തോണിയിൽ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷൈജേഷ് സി.കെ, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ ഷിജേഷ് ടി, സഹീർ പി.എം, അമൽരാജ്, മുനീർ അബ്ദുള്ള, ജിബിൻ ടികെ, സാരംഗ്, ഡ്രൈവർമാരായ അനിത് കുമാർ കെ.വി, റഷീദ് കെ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.
തട്ടോളിക്കര യുപി സ്കൂളിലെ ക്യാമ്പിൽ 21 കുടുംബങ്ങളാണ് ഉള്ളത്.
75 ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപിച്ചിരിക്കുകയാണ്
#Heavyrain; #ten #people #stranded #Eramala #Turuthi #have #been #taken #safe #place