---
title: "എല്ലാ കൃഷിഭവനുകളിലും  പച്ചതേങ്ങ സംഭരണം നടക്കണമെന്ന് മനയത്ത് ചന്ദ്രന്‍"
english_title: "Green coconut in all farm houses Manayath Chandran wants procurement to take place"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22440/green-coconut-in-all-farm-houses-manayath-chandran-wants-procurement-to-take-place"
published_at: "2022-01-24T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee834d42bf5_manayath chandran.jpg"
keywords: []
---

# എല്ലാ കൃഷിഭവനുകളിലും  പച്ചതേങ്ങ സംഭരണം നടക്കണമെന്ന് മനയത്ത് ചന്ദ്രന്‍

> **Lead Summary:** വടകര: പച്ചതേങ്ങ സംഭരണ നടപടികള്‍ അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് കേരഫെഡ് മുന്‍ചെയര്‍മാനും, എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ മനയത്ത് ചന്ദ്രന്‍ പ്രസ്താവിച്ചു.

## Article Content

വടകര: പച്ചതേങ്ങ സംഭരണ നടപടികള്‍ അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് കേരഫെഡ് മുന്‍ചെയര്‍മാനും, എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ മനയത്ത് ചന്ദ്രന്‍ പ്രസ്താവിച്ചു.

സംസ്ഥാനത്തെ 42 ലക്ഷത്തിലധികം വരുന്ന നാളീകേര കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്ന തരത്തിലാണ് വിലത്തകര്‍ച്ച. കോവിഡ് ദുരന്തത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന നാളീകേര കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നതാണ് ഇന്നത്തെ വിലനിലവാരം. കേന്ദ്ര ഗവ: 10,500 രൂപ കൊപ്രയ്ക്ക് താങ്ങുവില നിശ്ചയിച്ചെങ്കിലും 9,700 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്. കൊപ്ര വില വര്‍ദ്ധിച്ചാല്‍ മാത്രമേ പച്ചതേങ്ങയ്ക്ക് വിലവര്‍ദ്ധനവ് ഉണ്ടാവുകയുള്ളൂ. നാളീകേര കര്‍ഷകരെ രക്ഷിക്കുവാനാണ് ഉദ്ദേശ്യമെങ്കില്‍ പച്ചതേങ്ങ സംഭരണം സാര്‍വ്വത്രികമാക്കണം.

2012 ല്‍ പച്ചതേങ്ങ സംഭരണത്തിന് സ്വീകരിച്ച അതേരീതി തന്നെ സര്‍ക്കാര്‍ സ്വീകരിക്കണം. ഇപ്പോള്‍ 5 ജില്ലകളിലായി 30 കേന്ദ്രങ്ങളില്‍ മാത്രമാണ് VFPCK മുഖാന്തിരം പച്ചതേങ്ങ സംഭരിക്കാന്‍ കേരഫെഡ് തീരുമാനിച്ചിട്ടുള്ളത്. ഇത് അപര്യാപ്തമാണ്. എല്ലാ കൃഷിഭവനുകളും മുഖാന്തിരം പച്ചതേങ്ങസംഭരിക്കുകയും വില അപ്പോള്‍തന്നെ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടായിരുക്കകയും വേണം.

കോഴിക്കോട് ജില്ലയില്‍ മാത്രം 82 കേന്ദ്രങ്ങളില്‍ പച്ചതേങ്ങ സംഭരിച്ചിരുന്നു. അന്ന് കിലോയ്ക്ക് 37 രൂപവരെ കര്‍ഷകന് ലഭ്യമായിരുന്നു. കിലോയ്ക്ക് 40 രൂപ നല്‍കാനും കെരഫെഢിന് വരുന്ന നഷ്ടം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കാനും സംവിധാനം വേണം. മുഖ്യമന്ത്രിയും, കൃഷിമന്ത്രിയും, ധനകാര്യമന്ത്രിയും കൂട്ടായി ആലോചിച്ച് ഇതിനനുസൃതമായ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22440/green-coconut-in-all-farm-houses-manayath-chandran-wants-procurement-to-take-place)