---
title: "കോട്ടപ്പുഴ അഴിമുഖത്ത്  തോണി രണ്ടായി പിളര്‍ന്നു തൊഴിലാളികള്‍ രക്ഷപ്പെട്ടു"
english_title: "The boat split in two at the Kottapuzha estuary and the workers escaped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22537/the-boat-split-in-two-at-the-kottapuzha-estuary-and-the-workers-escaped"
published_at: "2022-01-25T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ef734a68e37_thoni .jpg"
keywords: []
---

# കോട്ടപ്പുഴ അഴിമുഖത്ത്  തോണി രണ്ടായി പിളര്‍ന്നു തൊഴിലാളികള്‍ രക്ഷപ്പെട്ടു

> **Lead Summary:** **വടകര : **പുതുപ്പണം കറുകപ്പാലം കടവില്‍നിന്ന് കോട്ടപ്പുഴ അഴിമുഖത്ത് മണല്‍വാരാന്‍ പോയ തോണി കടലേറ്റത്തില്‍ രണ്ടുഭാഗമായി പിളര്‍ന്നു. തൊഴിലാളികള്‍ അത്ുഭകരമായി രക്ഷപ്പെട്ടു. കളത്തില്‍ സുനില്‍കുമാറിന്റെ തോണിയാണ് തകര്‍ന്നത്. സുനിലും പാറേമ്മല്‍ വാസുവുമാണ് തോണിയില്‍ ഉണ്ടായിരുന്നത്.

## Article Content

**വടകര : **പുതുപ്പണം കറുകപ്പാലം കടവില്‍നിന്ന് കോട്ടപ്പുഴ അഴിമുഖത്ത് മണല്‍വാരാന്‍ പോയ തോണി കടലേറ്റത്തില്‍ രണ്ടുഭാഗമായി പിളര്‍ന്നു. തൊഴിലാളികള്‍ അത്ുഭകരമായി രക്ഷപ്പെട്ടു. കളത്തില്‍ സുനില്‍കുമാറിന്റെ തോണിയാണ് തകര്‍ന്നത്. സുനിലും പാറേമ്മല്‍ വാസുവുമാണ് തോണിയില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തുറമുഖവകുപ്പിന്റെ കീഴിലെ മണല്‍വാരല്‍ തൊഴിലാളികളായ ഇവര്‍ മണല്‍വാരാന്‍ പോയത്. മണല്‍ നിറച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായ കടലേറ്റത്തില്‍ തോണി മറിഞ്ഞതും കരയിലേക്ക് അടിച്ചുകയറി രണ്ടായി മുറിഞ്ഞതും. തൊഴിലാളികള്‍ രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തോണി ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നിട്ടുണ്ട്.

നന്നാക്കിയെടുക്കണമെങ്കില്‍ ഒരുലക്ഷത്തോളം രൂപ വേണം. സര്‍ക്കാരിന് ഏറെ വരുമാനം കിട്ടുന്നതാണ് അഴിമുഖത്തെ മണല്‍വാരല്‍. എന്നാല്‍ തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലി മാത്രമേ കിട്ടുന്നുള്ളൂ. മാത്രമല്ല, ഇത്തരം അപകടം ഉണ്ടാകുമ്പോള്‍ ഒരുവിധ നഷ്ടപരിഹാരവും കിട്ടുന്നില്ല. ഇതിനുമുമ്പ് കോട്ടക്കലില്‍നിന്ന് മണല്‍വാരാന്‍ പോയ ഒരു തോണിയും തകര്‍ന്നിരുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

തുറമുഖവകുപ്പിനെയും നഗരസഭയെയും വിഷയം അറിയിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും സംയുക്ത തൊഴിലാളി സമിതി ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് മാന്യമായ വേതനവും നഷ്ടമായ തോണികള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് ബി.എം.എസ്. വടകര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സമരം തുടങ്ങുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22537/the-boat-split-in-two-at-the-kottapuzha-estuary-and-the-workers-escaped)