---
title: "ചോറോട് ഇന്ന് വൈകീട്ട് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം "
english_title: "Chorot is perfect this evening Hygiene declaration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22705/chorot-is-perfect-this-evening-hygiene-declaration"
published_at: "2022-01-26T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f0c55a113b6_mass cleaning.jpg"
keywords: []
---

# ചോറോട് ഇന്ന് വൈകീട്ട് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം 

> **Lead Summary:** വടകര : സമ്പൂര്‍ണ ശുചിത്വപ്രഖ്യാപനത്തിന് ചോറോട് ഗ്രാമപ്പഞ്ചായത്ത് ഒരുങ്ങി. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു പ്രഖ്യാപനം നടത്തും. ഒക്ടോബര്‍ മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. ഒക്ടോബര്‍ 15ന് ചേര്‍ന്ന ഭരണസമിതി യോഗമാണ് ചോറോടിനെ ശുചിത്വപഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപംനല്‍കിയത്.

## Article Content

വടകര : സമ്പൂര്‍ണ ശുചിത്വപ്രഖ്യാപനത്തിന് ചോറോട് ഗ്രാമപ്പഞ്ചായത്ത് ഒരുങ്ങി. ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. ബിന്ദു പ്രഖ്യാപനം നടത്തും. ഒക്ടോബര്‍ മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. ഒക്ടോബര്‍ 15ന് ചേര്‍ന്ന ഭരണസമിതി യോഗമാണ് ചോറോടിനെ ശുചിത്വപഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് രൂപംനല്‍കിയത്.

പിന്നീട് പഞ്ചായത്തിലെ കലാസാംസ്‌കാരികപൊതുപ്രവര്‍ത്തനരംഗത്തുള്ളവരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം വിളിച്ചുചേര്‍ത്ത് പദ്ധതിയുടെ ഭാഗമാക്കി. പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീക്കാന്‍ ഹരിതവാര്‍ഡ് ലീഡര്‍മാരെ നിശ്ചയിച്ച് യോഗം വിളിച്ചു. 50 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ക്ലസ്റ്ററുകള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വീടുകളിലെ ജൈവഅജൈവമാലിന്യ സംസ്‌കരണസൗകര്യം, കുടിവെള്ള ലഭ്യത തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ച് അതിനനുസരിച്ച് മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ആവശ്യമുള്ള വീടുകള്‍ക്ക് ജൈവമാലിന്യസംസ്‌കരണ സംവിധാനം പഞ്ചായത്ത് പദ്ധതിയിലൂടെ ലഭ്യമാക്കാന്‍ തീരുമാനിച്ചു. വീടുകള്‍, പൊതുഇടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളെല്ലാം ശുചീകരിച്ചു. കച്ചവടസ്ഥാപനങ്ങള്‍ക്കായി പ്രത്യേകയോഗം വിളിച്ച് സഹകരണംതേടി. വീടുകളില്‍നിന്ന് അജൈവമാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മസേനയ്ക്കായി ട്രോളി, ബെയിലിങ് യന്ത്രം, വാഹനം എന്നിവ ലഭ്യമാക്കി. മാലിന്യമുക്ത പ്രചാരണത്തിനായി ചിത്രരചനാമത്സരങ്ങളും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ആമത്തോട് മാലിന്യമുക്തമാക്കാന്‍ ശ്രദ്ധേയമായ നടപടി സ്വീകരിച്ചു. ദേശീയപാതാ ശുചീകരണമാണ് വലിയ വെല്ലുവിളിയായിത്തീര്‍ന്നത്. 16, 17 തീയതികളില്‍ ജനകീയപങ്കാളിത്തത്തോടെ ഇത് പൂര്‍ത്തീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22705/chorot-is-perfect-this-evening-hygiene-declaration)