---
title: "കര്‍ഷകര്‍ക്ക് ആശ്വാസം ; കൂടുതല്‍ കേന്ദ്രങ്ങളില്‍ പച്ചതേങ്ങാ സംഭരണം"
english_title: " Carefed is planning to set up more storage facilities to provide relief to coconut farmers."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22782/carefed-is-planning-to-set-up-more-storage-facilities-to-provide-relief-to-coconut-farmers"
published_at: "2022-01-26T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f13589c1379_COCU NUT.jpg"
keywords: []
---

# കര്‍ഷകര്‍ക്ക് ആശ്വാസം ; കൂടുതല്‍ കേന്ദ്രങ്ങളില്‍ പച്ചതേങ്ങാ സംഭരണം

> **Lead Summary:** വടകര: വിലയിടിവിനാല്‍ ബുദ്ധിമുട്ടുന്ന നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് കൂടുതല്‍ സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേരഫെഡ് ഒരുങ്ങുന്നു. കൊപ്രവില 10,590 രൂപയില്‍ താഴുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് താങ്ങുവില പ്രഖ്യാപിച്ച് സഹായധനം നല്‍കണം. എന്നാല്‍ മാസങ്ങളായി വില 9700 രൂപയില്‍ താഴെയാണ്.

## Article Content

വടകര: വിലയിടിവിനാല്‍ ബുദ്ധിമുട്ടുന്ന നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് കൂടുതല്‍ സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേരഫെഡ് ഒരുങ്ങുന്നു. കൊപ്രവില 10,590 രൂപയില്‍ താഴുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് താങ്ങുവില പ്രഖ്യാപിച്ച് സഹായധനം നല്‍കണം. എന്നാല്‍ മാസങ്ങളായി വില 9700 രൂപയില്‍ താഴെയാണ്.

നാളികേര കര്‍ഷകരുടെ ദുരവസ്ഥ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമാകാത്ത സ്ഥിതിയിലാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. ഈ മാസം തുടക്കത്തില്‍ സംസ്ഥാനത്ത് എട്ട് കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 32 രൂപ നിരക്കില്‍ സംഭരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു സംഭരണം. എന്നിട്ടും പൊതുവിപണിയില്‍ തേങ്ങവില ഉയരാത്ത സാഹചര്യത്തിലാണ് വടക്കന്‍ മേഖലകളില്‍ 30 കേന്ദ്രങ്ങള്‍കൂടി തുടങ്ങുന്നത്.

28 രൂപയാണ് പച്ചത്തേങ്ങക്ക് ഇപ്പോഴും പൊതുവിപണിയില്‍ ലഭിക്കുന്നത്. പക്ഷേ കേരഫെഡിന്റെ സംഭരണത്തില്‍ നാളികേരം കിട്ടാത്ത സ്ഥിതിയുമുണ്ട്. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50 പൈസകൂടി അധികവിലയായി നല്‍കുന്നത് പരിഗണിക്കുമെന്നും കോഴിക്കോട് വേങ്ങേരിയിലെ കാര്‍ഷിക വിപണനകേന്ദ്രത്തിലെ സംഭരണം ശക്തിപ്പെടുത്തുമെന്നും നാളികേര വികസന കോര്‍പറേഷന്‍ ഭാരവഹികള്‍ പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ തേങ്ങ സംഭരിക്കാന്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സിലും ആലോചിക്കുന്നു.

സംഭരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ നാളികേരം തൂക്കിയെടുക്കല്‍ തുടങ്ങും. നാളികേര ഉല്‍പ്പാദക കമ്പനികളുമായി കൃഷിവകുപ്പ് ചര്‍ച്ച നടത്തി. ചില കമ്പനികളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലാകും സംഭരണം. പച്ചത്തേങ്ങ സംഭരണത്തിന് ഒന്നാംഘട്ടമായി കേരഫെഡിന് ഒരു കോടിയും നാളികേര വികസന കോര്‍പറേഷന് 50 ലക്ഷവുമാണ് കൃഷിവകുപ്പ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22782/carefed-is-planning-to-set-up-more-storage-facilities-to-provide-relief-to-coconut-farmers)