---
title: "#onlinecomplaint | ഓൺലൈനായ പരാതിയാക്കാം, മന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ അദാലത്ത്; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം"
english_title: "#online #complaint #Local #Adalat #under #leadership #Minister #Public #can #file #complaints"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228015/online-complaint-local-adalat-under-leadership-minister-public-can-file-complaints"
published_at: "2024-08-13T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb63f0234b0_aaaaaaaaaaaaa.jpg"
keywords: []
---

# #onlinecomplaint | ഓൺലൈനായ പരാതിയാക്കാം, മന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ അദാലത്ത്; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം

> **Lead Summary:** **വടകര:**തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിച്ചുതുടങ്ങി.

## Article Content

**വടകര:**തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിച്ചുതുടങ്ങി.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ ആറിന് ജില്ലാതല അദാലത്തും സെപ്തംബര്‍ ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ തല അദാലത്തുമാണ് നടക്കുക.

കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കുന്ന ഇരു അദാലത്തുകളിലും പൊതുജനങ്ങള്‍ക്ക് adalat.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പരാതി നല്‍കാം.

ഓണ്‍ലൈൻ വഴി പരാതി സ്വീകരിച്ചു തുടങ്ങി. അദാലത്തിന്റെ അഞ്ചുദിവസം മുമ്പ് വരെ ഓൺലൈൻ പരാതികള്‍ നൽകാം.

കെട്ടിട അനുമതി, ക്ലംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്, ക്രമവത്ക്കരണം, വ്യാപാര, വാണിജ്യ വ്യവസായ സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന്‍, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, മാലിന്യ സംസ്‌ക്കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നേരത്തേ അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ അപേക്ഷകള്‍, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തീര്‍പ്പാകാതെ കിടക്കുന്ന പരാതികള്‍, നിവേദനങ്ങള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും.

അതേസമയം, ലൈഫ് ഭവനപദ്ധതി, അതിദാരിദ്ര്യ ലഘൂകരണ പദ്ധതി, ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ അദാലത്തില്‍ പരിഗണിക്കില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും എല്‍എസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് അദാലത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അദാലത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228015/online-complaint-local-adalat-under-leadership-minister-public-can-file-complaints)