---
title: " വടകരക്ക് അഭിമാനം ; ആര്‍.പി.എഫ്. എസ്.ഐ സുനില്‍  കുമാറിന് രാഷ്ട്രപതിയുടെ മെഡല്‍"
english_title: " Pride of Vadakara: RPF President's Medal for SI Sunil Kumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23042/pride-of-vadakara-rpf-presidents-medal-for-si-sunil-kumar"
published_at: "2022-01-28T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f370a26940f_sunil kumar .jpg"
keywords: []
---

#  വടകരക്ക് അഭിമാനം ; ആര്‍.പി.എഫ്. എസ്.ഐ സുനില്‍  കുമാറിന് രാഷ്ട്രപതിയുടെ മെഡല്‍

> **Lead Summary:** വടകര : മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ആര്‍.പി.എഫ്. എസ്.ഐ. വടകര സ്വദേശി കെ.എം. സുനില്‍കുമാറിന്റെ നേട്ടത്തിന് തിളക്കമേറെ. കേരളത്തില്‍ മാത്രമല്ല, ദക്ഷിണ റെയില്‍വേയില്‍ത്തന്നെ ആര്‍.പി.എഫില്‍ ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ നേടിയത് സുനില്‍ മാത്രമാണ്. റെയില്‍വേയുടെ ക്രൈംപ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സുനിലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

## Article Content

വടകര : മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ആര്‍.പി.എഫ്. എസ്.ഐ. വടകര സ്വദേശി കെ.എം. സുനില്‍കുമാറിന്റെ നേട്ടത്തിന് തിളക്കമേറെ. കേരളത്തില്‍ മാത്രമല്ല, ദക്ഷിണ റെയില്‍വേയില്‍ത്തന്നെ ആര്‍.പി.എഫില്‍ ഇത്തവണ രാഷ്ട്രപതിയുടെ മെഡല്‍ നേടിയത് സുനില്‍ മാത്രമാണ്. റെയില്‍വേയുടെ ക്രൈംപ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സുനിലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

12 വര്‍ഷമായി ഈ സ്‌ക്വാഡില്‍ അംഗമാണ് സുനില്‍. ഒട്ടേറെ കവര്‍ച്ചക്കേസുകളും ലഹരിക്കടത്തുമെല്ലാം തെളിയിക്കുന്നതിന് സുനില്‍ നേതൃത്വംനല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് സിഗ്‌നല്‍ വയര്‍ മുറിച്ചുമാറ്റിയ സംഭവം തെളിയിച്ച സംഘത്തിലും സുനിലുണ്ടായിരുന്നു. നിലവില്‍ ആര്‍.പി.എഫില്‍ തിരൂര്‍ എസ്.ഐ.യാണ് സുനില്‍.

വടകര, പാലക്കാട്, എറണാകുളം, കണ്ണൂര്‍, ഈറോഡ്, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 25 വര്‍ഷമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ഭാഗമാണ് സുനില്‍. സേവനമികവിന് നേരത്തേ റെയില്‍വേമന്ത്രി, ഡി.ജി., റെയില്‍വേ ജി.എം. ആര്‍.പി.എഫ്. ഐ.ജി. തുടങ്ങിയവരുടെ പുരസ്‌കാരം കിട്ടിയിട്ടുണ്ട്.

നല്ലൊരു വോളിബോള്‍താരംകൂടിയാണ് സുനില്‍. ഏതന്‍സ് പുതിയാപ്പിലൂടെയാണ് വോളിബോള്‍ രംഗത്ത് ശ്രദ്ധനേടിയത്. സര്‍വീസില്‍ കയറിയപ്പോള്‍ ആര്‍.പി.എഫ്. സെന്റര്‍ വോളിടീമിന്റെ ഭാഗവുമായി. സുനിലിന് രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയ വാര്‍ത്ത സ്വദേശമായ നടക്കുതാഴയ്ക്കും ആഹ്ലാദമുഹൂര്‍ത്തമായി. നടക്കുതാഴ അമ്പലപ്പറമ്പ് അരിക്കോത്ത് ക്ഷേത്രത്തിനു സമീപം 'അക്ഷയ'യില്‍ കെ.എം.ബാലന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: നിത. മക്കള്‍: അക്ഷയ, അനന്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23042/pride-of-vadakara-rpf-presidents-medal-for-si-sunil-kumar)