---
title: "സഞ്ചാരികളെ സ്വാഗതം ചെയ്ത് അകലാപ്പുഴ തീരം പെഡല്‍ ബോട്ടുകള്‍ എത്തിത്തുടങ്ങി"
english_title: " Akalapuzha beach welcomes tourists Pedal boats began to arrive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23750/akalapuzha-beach-welcomes-tourists-pedal-boats-began-to-arrive"
published_at: "2022-02-01T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8bfbd5b971_akala puzha .jpg"
keywords: []
---

# സഞ്ചാരികളെ സ്വാഗതം ചെയ്ത് അകലാപ്പുഴ തീരം പെഡല്‍ ബോട്ടുകള്‍ എത്തിത്തുടങ്ങി

> **Lead Summary:** വടകര : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാര ബോട്ടുകളും പെഡല്‍ ബോട്ടുകളും എത്തിത്തുടങ്ങി. പത്തു പേര്‍ക്ക് സഞ്ചാരിക്കാന്‍ കഴിയുന്ന ശിക്കാരിബോട്ടിന്റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍ക്കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍ തുടങ്ങുക.

## Article Content

വടകര : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാര ബോട്ടുകളും പെഡല്‍ ബോട്ടുകളും എത്തിത്തുടങ്ങി. പത്തു പേര്‍ക്ക് സഞ്ചാരിക്കാന്‍ കഴിയുന്ന ശിക്കാരിബോട്ടിന്റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍ക്കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍ തുടങ്ങുക.

60 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വലിയൊരു ശിക്കാരിബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ ഈ ബോട്ടും സര്‍വീസ് തുടങ്ങും. ആലപ്പുഴയില്‍നിന്നെത്തിയ വിദഗ്ധ തൊഴിലാളികളാണ് ശിക്കാര ബോട്ടുകള്‍ നിര്‍മിക്കുന്നത്. പോര്‍ട്ട് വകുപ്പിന്റെ ലൈസന്‍സ് കിട്ടുന്നമുറയ്ക്ക് ശിക്കാരബോട്ടുകള്‍ സഞ്ചാരികളെയും കൊണ്ട് യാത്ര തുടങ്ങും.

പുഴസൗന്ദര്യം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ യാത്ര ശിക്കാര ബോട്ടില്‍തന്നെ വേണം. നാലുവശവും തുറന്നിട്ടുള്ളതും പനയോലകൊണ്ടുള്ള മേലാപ്പുമാണ് ശിക്കാരബോട്ടിന്റെ പ്രത്യേകത. ചാരിക്കിടന്നും ഇരുന്നും പുഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയും. വൈകീട്ടാണ് ജലയാത്രയ്ക്ക് ഏറെ നല്ലത്. പത്തുപേര്‍ക്കുമുതല്‍ 60 പേര്‍ക്കുവരെ കയറാനുള്ള ബോട്ടുകളാണ് ഇവ. 60 പേര്‍ക്ക് സഞ്ചാരിക്കാവുന്ന ബോട്ടില്‍ ചെറു മീറ്റിങ്ങുകള്‍, ജന്മദിനാഘോഷങ്ങള്‍ പോലുള്ള പരിപാടികള്‍ നടത്താം.

ശാന്തമായതും വൃത്തിയും വെടിപ്പുള്ളതുമായ ജലാശയമാണ് അകലാപ്പുഴ. കുട്ടനാടിന്റെ അതേ ഗ്രാമഭംഗിയാണ് ഇവിടെയും. അകലാപ്പുഴയും പുഴയുടെ നടുവിലെ തുരുത്തും വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. കിടഞ്ഞിക്കുന്നിന്റെ താഴ്വരയില്‍ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ വിസ്തൃതമായ കായല്‍പരപ്പാണ് അകലാപ്പുഴ. നാഴികകളോളം നീളത്തില്‍ ഒരേ ആഴവും പരപ്പും തീരങ്ങളിലുടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടല്‍ കാടുകളും ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്നു.

കൈതോടുകളും തുരുത്തും നാട്ടുമീനുകളും കൊതുമ്പുവള്ളങ്ങളും മത്സ്യക്കൃഷിയും കുട്ടനാടന്‍ ശൈലിയിലുള്ള പാടശേഖരവും വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. പുഴയോരത്തെ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചുള്ള ജലയാത്ര നടത്താനാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. നിലവില്‍ രണ്ടുപേര്‍ക്കും അഞ്ചുപേര്‍ക്കും യാത്രചെയ്യാന്‍ പറ്റുന്ന പെഡല്‍ ബോട്ടുകളും, വാട്ടര്‍സൈക്കിള്‍, റോയിങ് ബോട്ട് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23750/akalapuzha-beach-welcomes-tourists-pedal-boats-began-to-arrive)