---
title: "അഴിയൂരില്‍ പ്ലാസ്റ്റിക് ബാഗുകളുമായി  പുറത്തിറങ്ങിയാല്‍ പിടി വീഴും "
english_title: " Replacing the plastic bag in Azhiyur Cloth bag"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23765/replacing-the-plastic-bag-in-azhiyur-cloth-bag"
published_at: "2022-02-01T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8d1fd42ba3_plastic ban .jpg"
keywords: []
---

# അഴിയൂരില്‍ പ്ലാസ്റ്റിക് ബാഗുകളുമായി  പുറത്തിറങ്ങിയാല്‍ പിടി വീഴും 

> **Lead Summary:** അഴിയൂര്‍: നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളുമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ടൗണുകളില്‍ എത്തിയാല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പിടിവീഴും. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുമായി റോഡില്‍ ഇറങ്ങിയവര്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തുണിസഞ്ചി നല്‍കും.

## Article Content

അഴിയൂര്‍: നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളുമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ടൗണുകളില്‍ എത്തിയാല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പിടിവീഴും. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുമായി റോഡില്‍ ഇറങ്ങിയവര്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി തുണിസഞ്ചി നല്‍കും.

രണ്ടാംഘട്ടത്തില്‍ പിഴ ഈടാക്കുന്നതാണ്. അഴിയൂര്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളായ മുക്കാളി, കുഞ്ഞിപ്പള്ളി, അഴിയൂര്‍ ഹൈസ്‌കൂള്‍ പരിസരം, ചുങ്കം ടൗണ്‍, മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരം, മാഹി അതിര്‍ത്തി എന്നിവിടങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് ഫീല്‍ഡ് പരിശോധന നടത്തി.

86 പേര്‍ക്ക് തുണി സഞ്ചി നല്‍കി. ആവിക്കര റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എ ടി മഹേഷാണ് തുണി സഞ്ചി പഞ്ചായത്തിന് സൗജന്യമായി നല്‍കിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വാങ്ങി പുതിയ തുണിസഞ്ചി നല്‍കുകയും തുടര്‍ന്ന് ബോധവല്‍ക്കരണം നടത്തുകയുമാണ് ചെയ്യുന്നത് . സ്‌ക്വാഡ് പ്രവര്‍ത്തനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പ്രസാദ്, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍മാരായ സിഎച്ച് മുജീബ് റഹ്മാന്‍, സഫീര്‍,എം പി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വരുംദിവസങ്ങളിലും സ്‌ക്വാഡ് പ്രവര്‍ത്തനം തുടരുന്നതാണ് .പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം സംബന്ധിച്ച് വ്യാപാരികളുടെ സഹായത്തോടെ മുക്കാളി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടിയും കുഞ്ഞിപ്പള്ളി ടൗണില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേളയും സംഘടിപ്പിച്ചിരുന്നു. കൂടാതെ 13 ,14 വാര്‍ഡുകളില്‍ എല്ലാ വീട്ടുകാര്‍ക്കും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23765/replacing-the-plastic-bag-in-azhiyur-cloth-bag)