---
title: "#Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച് "
english_title: "#Vadakara #gold #fraud #case #accused #again #taken #into #custody #crime #branch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/238484/vadakara-gold-fraud-case-accused-again-taken-into-custody-crime-branch-new-update"
published_at: "2024-09-27T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6960f5e836_WhatsApp_Image_2024-09-27_at_4.52.16_PM.jpeg"
keywords: []
---

# #Vadakaramoneyfraud | വടകര സ്വർണ്ണ തട്ടിപ്പ് കേസ്; പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ക്രൈം ബ്രാഞ്ച് 

> **Lead Summary:** **വടകര: **ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ബാങ്ക് ശാഖ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങി.

## Article Content

**വടകര: **ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ബാങ്ക് ശാഖ മാനേജർ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങി.

ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഈ മാസം 30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്.

ബാങ്കിൽ നിന്നും നഷ്ടപ്പെട്ട പണയ സ്വർണ്ണം ഇനിയും വീണ്ടെടുക്കാനുണ്ട്. ഇവ കണ്ടെത്താനും ഇയാളുടെ ബിനാമിയായി പ്രവർത്തിച്ച ഡി. ബി. എസ് ബാങ്ക് കരാർ ജീവനക്കാരൻ കാർത്തികിനെ കണ്ടെത്താനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.

നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിരിച്ച് ഹാജരാക്കുകയായിരുന്നു. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കാർത്തിക് ഒളിവിലാണ്.

ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ നിന്നും നഷ്ടപ്പെട്ട 26.244.20 കിലോഗ്രാം സ്വർണത്തിൽ വീണ്ടെടുത്ത 7 കിലോ 50 ഗ്രാം കഴിച്ചുള്ള ബാക്കി സ്വർണ്ണം കൂടി കണ്ടെത്തേണ്ടതുണ്ട്.

കാർത്തികിനെ പിടികൂടിയാലെ ബാക്കി സ്വർണം കണ്ടെടുക്കാൻ കഴിയുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.

പ്രതിയെ തമിഴ്നാട്ടിൽ വിവിധ ബാങ്കുകളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/238484/vadakara-gold-fraud-case-accused-again-taken-into-custody-crime-branch-new-update)