Featured

#Pushpan | വിപ്ലവ സൂര്യന് വിട; വടകരയിൽ പുഷ്പന് യാത്രാമൊഴി നൽകി ആയിരങ്ങൾ

News |
Sep 29, 2024 11:46 AM

വടകര: (vatakara.truevisionnews.com) കൂത്തുപറമ്പ് വെടിവയ്പ്‌പിലെ സമര സമരനായകൻ പുഷ്‌പന്റെ മൃതദേഹവുമായി ആംബുലൻസ് വടകരയിലെത്തിയപ്പോൾ പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു മരിക്കുന്നില്ല.... ജീവിക്കുന്നു ഞങ്ങളിലൂടെ.... വഴി നീളെ ആളുകൾ തടിച്ചു കൂടി.

പുഷ്‌പനെ അവസാനമായി ഒന്ന് കാണാൻ വടകരയിൽ എത്തിയത് വൻ ജനാവലിയാണ്. രാവിലെ മുതൽ തന്നെ വടകര നഗരത്തിലേക്ക് ആളുകൾ എത്തിയിരുന്നു.

കാത്തിരിപ്പൊന്നും പ്രവർത്തകരെ മുഷിപ്പിച്ചില്ല. സഹന സൂര്യനെ അവസാനമായൊന്ന് കാണാൻ അവർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു.

സമര പോരാളിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാദാപുരം റോഡിലും ആളുകൾ തടിച്ചുകൂടി. നൂറുകണക്കിന് പേർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

രാവിലെ 8 മണിയോടെയാണ് കോഴിക്കോട് നിന്നും വിലാപയാത്ര ആരംഭിച്ചത്. 9 മണിയോടെ കൊയിലാണ്ടിയിൽ പ്രവേശിച്ചു. ഇവിടെ നിന്നും നന്തിയിലും പയ്യോളിയിലും വിലാപയാത്രയെത്തി.

ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് പേരാണ് പുഷ്പനെ അവസാനമായി കാണാൻ തടിച്ചുകൂടിയത്. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനായി എത്തിച്ചു .

വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുപരിസരത്ത് സംസ്ക‌രിക്കും. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്‌പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.

മന്ത്രി എം.വി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു സംഭവം. ഇതോടെ പുഷ്‌പൻ്റെ കഴുത്തിനു താഴെ ചലനശേഷി നഷ്‌ടപ്പെട്ടു. തുടർന്ന് മൂന്നു പതിറ്റാണ്ടായി കിടപ്പിലായിരുന്നു.

കർഷക തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്‌പന് എട്ടാം ക്ലാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടിൽ സജീവ പാർട്ടി പ്രവർത്തകനായിരുന്ന പുഷ്‌പൻ, കുടുംബം പുലർത്താനായി ബെംഗളൂരുവിലേക്ക് വണ്ടി കയറി.

അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലത്തിയപ്പോൾ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തിൽ ആളിക്കത്തുകയാണ്.

പുഷ്‌പനും അതിൻ്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബർ25 വെള്ളിയാഴ്ച കൂത്തുപറമ്പിൽ എംവി രാഘവനെ തടയാനുള്ള സമരത്തിൻ്റെ ഭാഗമാകുന്നത്.

ഡി.വൈ.എഫ്.ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. സി.പി.എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക് ഓഫീസ് തലശേരി).

#Thousands #of #people #came #Vadakara #have #last #look #Pushpan

Next TV

Top Stories










News Roundup