---
title: "താങ്ങുവിലയിലും താഴോട്ട് : കേന്ദ്ര ബജറ്റില്‍  കേര കര്‍ഷകര്‍ക്ക് നിരാശ മാത്രം"
english_title: " Despite the sharp fall in copra prices, the central government is not helping the farmers in crisis."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23956/despite-the-sharp-fall-in-copra-prices-the-central-government-is-not-helping-the-farmers-in-crisis"
published_at: "2022-02-02T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa0e0c7e858_UNDA KOPRA.jpg"
keywords: []
---

# താങ്ങുവിലയിലും താഴോട്ട് : കേന്ദ്ര ബജറ്റില്‍  കേര കര്‍ഷകര്‍ക്ക് നിരാശ മാത്രം

> **Lead Summary:** വടകര: കൊപ്രവില കുത്തനെ താഴുമ്പോഴും പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാതെ കേന്ദ്രസര്‍ക്കാര്‍. മാസങ്ങളായി വിലയില്‍ പുരോഗതിയില്ലാതെ കര്‍ഷകര്‍ പ്രയാസപ്പെടുമ്പോഴും കൊപ്ര സംഭരണത്തിന് കേന്ദ്രം തയ്യാറായിട്ടില്ല.

## Article Content

വടകര: കൊപ്രവില കുത്തനെ താഴുമ്പോഴും പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാതെ കേന്ദ്രസര്‍ക്കാര്‍. മാസങ്ങളായി വിലയില്‍ പുരോഗതിയില്ലാതെ കര്‍ഷകര്‍ പ്രയാസപ്പെടുമ്പോഴും കൊപ്ര സംഭരണത്തിന് കേന്ദ്രം തയ്യാറായിട്ടില്ല.

കര്‍ഷകരെ സഹായിക്കാന്‍ താങ്ങുവില പുതുക്കി കൊപ്ര സംഭരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കൃഷിവകുപ്പ് കത്ത് നല്‍കിയിട്ടും അനുകൂല നിലപാടില്ല. മില്‍ കൊപ്രയ്ക്ക് കിലോയ്ക്ക് 105.90 രൂപയും ഉണ്ടയ്ക്ക് 110 രൂപയുമാണ് കേന്ദ്രം നിശ്ചയിച്ച തറവില. എന്നാലിപ്പോള്‍ എറെ കുറവാണ് പൊതുവിപണിയിലെ കൊപ്രവില.

എടുത്തപടി കൊപ്ര ക്വിന്റലിന് 9500 രൂപമാത്രമാണ് കിട്ടുന്നത്. താങ്ങുവിലയില്‍ നിന്ന് 1000 രൂപയിലധികം കുറഞ്ഞിട്ടും സംഭരണത്തിനുള്ള നടപടി തുടങ്ങിയിട്ടില്ല. താങ്ങുവിലയില്‍നിന്ന് കുറഞ്ഞാലുടന്‍ കേന്ദ്ര സര്‍ക്കാരിന്റെ സംഭരണ ഏജന്‍സിയായ നാഫെഡ് മുഖേനെ ഉയര്‍ന്ന വിലയ്ക്ക് കൊപ്ര സംഭരിക്കണമെന്നാണ്. എന്നാല്‍ ഇക്കാര്യം ഓര്‍മിപ്പിച്ചുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ കത്തുകള്‍ക്ക് കേന്ദ്ര കൃഷിമന്ത്രാലയം മറുപടി നല്‍കിയിട്ടില്ല. സഹകരണ സംഘങ്ങള്‍ മുഖേന നാഫെഡ് ഉയര്‍ന്ന വിലയ്ക്ക് കൊപ്രസംഭരണം തുടങ്ങിയാല്‍ പൊതുവിപണിയിലെ നിലവാരവും ഉയരും.

സംസ്ഥാന സര്‍ക്കാര്‍ ഒന്നരക്കോടി ചെലവിട്ട് പച്ചത്തേങ്ങ സംഭരണം തുടങ്ങിയെങ്കിലും നാളികേര വിലയില്‍ മാറ്റമുണ്ടാക്കാനായിട്ടില്ല. 35 കേന്ദ്രങ്ങളില്‍ മാത്രമാണ് സംഭരണം കാര്യമായി നടക്കുന്നത്. സീസണായതിനാല്‍ ഉയര്‍ന്ന വില പ്രതീക്ഷിച്ച് നാളികേരം കൊപ്രയാക്കുകയാണ് കര്‍ഷകര്‍. വേനല്‍ക്കാലമായതിനാല്‍ പുകപ്പുരയോ ഡ്രയറോ ഇല്ലാത്ത കര്‍ഷകര്‍ക്കും സംസ്‌കരണം എളുപ്പത്തില്‍ നടത്താമെന്നതിനാല്‍ ഏറ്റവുമധികം കൊപ്ര ഉല്‍പ്പാദിപ്പിക്കുന്ന സമയവുമാണിത്.

ഈ ഘട്ടത്തില്‍ സഹകരണ സംഘങ്ങള്‍വഴി വ്യാപകമായി നികുതിശീട്ടിന്റെ അടിസ്ഥാനത്തില്‍ കൊപ്ര സംഭരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതരസംസ്ഥാനത്തുനിന്നുള്ള ആവശ്യം കുറഞ്ഞതോടെ നാലുമാസമായി തേങ്ങ വില പിറകോട്ടാണ്. കിലോയ്ക്ക് 27 രൂപയാണ് പൊതുവിപണിയില്‍. കഴിഞ്ഞ സീസണിലിത് 42 രൂപയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23956/despite-the-sharp-fall-in-copra-prices-the-central-government-is-not-helping-the-farmers-in-crisis)