---
title: "വാവ സുരേഷ് കണ്ണു തുറന്ന് സംസാരിച്ചു ; പ്രാര്‍ത്ഥന കൈവിടാതെ എടച്ചേരിയിലെ കൂട്ടുകാരും "
english_title: "Children of Edachery praying for Vava Suresh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24432/children-of-edachery-praying-for-vava-suresh"
published_at: "2022-02-04T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcf12fe2777_vava edacheri.jpg"
keywords: []
---

# വാവ സുരേഷ് കണ്ണു തുറന്ന് സംസാരിച്ചു ; പ്രാര്‍ത്ഥന കൈവിടാതെ എടച്ചേരിയിലെ കൂട്ടുകാരും 

> **Lead Summary:** വടകര: വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി. പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് പൂര്‍ണ്ണ ആരോഗ്യാവസ്ഥക്ക് വേണ്ടി കേരളം പ്രാര്‍ത്ഥനയോടെ മുന്നോട് പോകുമ്പോള്‍ എടച്ചേരിയിലെ കൊച്ചു കുട്ടികളും കേരള നാടിന്റെ സമൂഹ പ്രാര്‍ത്ഥനയുടെ ഭാഗമായി.

## Article Content

വടകര: വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി. പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് പൂര്‍ണ്ണ ആരോഗ്യാവസ്ഥക്ക് വേണ്ടി കേരളം പ്രാര്‍ത്ഥനയോടെ മുന്നോട് പോകുമ്പോള്‍ എടച്ചേരിയിലെ കൊച്ചു കുട്ടികളും കേരള നാടിന്റെ സമൂഹ പ്രാര്‍ത്ഥനയുടെ ഭാഗമായി.

എടച്ചേരി ചുണ്ടയില്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വാവ സുരേഷിന് വേണ്ടി കുട്ടികളുടെ പുഷ്പാഞ്ജലി വഴിപാട് നടത്തിയത്. ചുണ്ടയില്‍ ചിങ്ങന്റെവിട പ്രണദ്, പാര്‍വണ എന്നീ കുട്ടികളാണ് വഴിപാട് നടത്തി ശ്രേദ്ധയമായത്.

വാവ സുരേഷിന് വേണ്ടി മണ്ണാറശാല നാഗ ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രമുഖ നാഗ ക്ഷേത്രങ്ങളും മറ്റ് പ്രധാന ക്ഷേത്രങ്ങളിലും വഴിപാടുകള്‍ നിറയുകയാണ്. ഒഞ്ചിയത്തെ മലോല്‍ ക്ഷേത്രം, എടച്ചേരി കളിയാംവെള്ളി ക്ഷേത്രം എന്നിവടങ്ങളിലെല്ലാം വാവ സുരേഷിന് വേണ്ടി വഴിപാട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

** വാവ സുരേഷിന് ബോധം തെളിഞ്ഞു **

വാവ സുരേഷിന്റെ (Vava Suresh) ആരോഗ്യനിലയില്‍ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയില്‍ തിരിച്ചെത്തി എന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇന്നലെ രാത്രി മുതലാണ് അത്ഭുതകരമായ പുരോഗതി ഉണ്ടായത്. സുരേഷ് കണ്ണുതുറന്ന് ഡോക്ടര്‍മാരുമായും ആരോഗ്യ പ്രവര്‍ത്തകരുമായും സംസാരിച്ചുവെന്നും മെഡിക്കല്‍ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

എന്നാല്‍ അടുത്ത 48 മണിക്കൂര്‍ ഐസിയുവില്‍ തന്നെ തുടരും. ചില രോഗികള്‍ക്ക് വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഇതുകൂടി പരിഗണിച്ചാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ സുരേഷിനെ തുടര്‍ന്നും പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവുമടക്കം ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി മുന്നോട്ടു പോകുന്നുണ്ട് എന്നും ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷമായിരിക്കും സ്‌കാനിങ് അടക്കമുള്ള തുടര്‍നടപടികള്‍ ഉണ്ടാക്കുക. കഴിഞ്ഞ ദിവസം രാത്രി സുരേഷിന്റെ ആരോഗ്യനില മോശമായിരുന്നു. ഇതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം സുരേഷിന്റെ ആരോഗ്യനില വിശദീകരിച്ച് മാധ്യമങ്ങളെ കണ്ടു. രാത്രി മുതല്‍ സുരേഷിന്റെ ആരോഗ്യനില വഷളായിരുന്നു എന്ന് ഡോ: ടി.കെ. ജയകുമാര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും അതേനിലയിലായിരുന്നു.

അതിനു മുന്‍പുള്ള ദിവസങ്ങളെ പോലെ വിളിച്ചാല്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഉച്ചയോടെ വീണ്ടും പഴയ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു എന്ന് ഡോ: ജയകുമാര്‍ വിശദീകരിച്ചു. ജനുവരി 31 തിങ്കളാഴ്ച വൈകിട്ട് 4.15നാണ് സുരേഷിനെ കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ, വലതുകാലിലെ മുട്ടിനു മുകള്‍ഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ച് സുരേഷ് ചാക്കിലേക്ക് കയറ്റി.

തുടര്‍ന്ന് സുരേഷിനെ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ, നില ഗുരുതരമായതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. ആദ്യം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചാണ് സുരേഷിന് ചികിത്സ നല്‍കിയത്. മൂര്‍ഖന്‍ പാമ്പിന്റെ വിഷമായതിനാല്‍, വേഗത്തില്‍ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി.

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: ജയകുമാറിന്റെ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സുരേഷിനെ ചികിത്സിക്കുന്നത്. പാമ്പുകടിയേറ്റ ഉടന്‍ സ്വയം ചികിത്സ നല്‍കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്ക് പോകുന്നത്. കടിച്ച ഭാഗത്ത് നിന്നും രക്തം പുറത്തേക്ക് ഒഴുക്കി കളഞ്ഞിരുന്നു. സുരേഷിന്റെ ആരോഗ്യവിവരം തിരക്കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് നിരവധിപേരാണ് ഫോണ്‍ ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24432/children-of-edachery-praying-for-vava-suresh)