---
title: "മെഡിക്കല്‍ കോളജില്‍ ജീവനക്കാരില്ല  ; സര്‍ക്കാര്‍  അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്"
english_title: " Medical College has no staff; To the Youth Congress agitation against government neglect"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24601/medical-college-has-no-staff-to-the-youth-congress-agitation-against-government-neglect"
published_at: "2022-02-05T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe288d87ba5_MEDICAL COLLEGE CLT .jpg"
keywords: []
---

# മെഡിക്കല്‍ കോളജില്‍ ജീവനക്കാരില്ല  ; സര്‍ക്കാര്‍  അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മതിയായ ജീവനക്കാരെ അടിയന്തരമായി നിയമിച്ച് നിലവിലെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അവഗണന കാരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളും നിലവിലെ ജീവനക്കാരും കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വലിയ കുറവാണ് മെഡിക്കല്‍ കോളജിലും അനുബന്ധ സ്ഥാപനങ്ങളിലും അനുഭവപ്പെടുന്നത്.

## Article Content

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മതിയായ ജീവനക്കാരെ അടിയന്തരമായി നിയമിച്ച് നിലവിലെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അവഗണന കാരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളും നിലവിലെ ജീവനക്കാരും കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വലിയ കുറവാണ് മെഡിക്കല്‍ കോളജിലും അനുബന്ധ സ്ഥാപനങ്ങളിലും അനുഭവപ്പെടുന്നത്.

വേണ്ടത്ര പരിചരണം ലഭിക്കാതെ രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യത്തിന് ആരോഗ്യ വകുപ്പ് മാത്രമാണ് ഉത്തരവാദിയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ വാര്‍ഡുകളില്‍ മൂവായിരത്തോളവും ഐസിയുകളില്‍ 278 ബെഡുകളുമാണുള്ളത്. രണ്ടായിരത്തോളം സ്ഥിരം നഴ്‌സുമാര്‍ വേണ്ട ഇവിടെ അതിന്റെ കാല്‍ ഭാഗം നഴ്‌സുമാരെ മാത്രമാണ് നിയമിച്ചിട്ടുള്ളതെന്ന് ആര്‍.ഷഹിന്‍ വ്യക്തമാക്കി.

പി.എസ്.സി റിപ്പോര്‍ട്ട് ചെയ്ത നിരവധി ഒഴിവുകളില്‍ പോലും വര്‍ഷങ്ങളായി നിയമനങ്ങള്‍ നടത്തുന്നില്ല. 1996ല്‍ ആരംഭിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇതുവരെ തസ്തികകള്‍ അനുവദിച്ചിട്ടില്ല. ടെര്‍ഷറി കെയറിലും ഇതേ അവസ്ഥയാണുള്ളത്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും പകുത്തെടുത്താണ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡ പ്രകാരം വാര്‍ഡുകളില്‍ 3 രോഗികള്‍ക്ക് ഒരു നഴ്‌സ് വേണ്ടിടത്ത് മെഡിക്കല്‍ കോളജിലെ ഒരു നഴ്‌സ് നൂറിലേറെ രോഗികളെയാണ് പരിചരിക്കുന്നത്.

ഐസിയുകളില്‍ ഒരു രോഗിക്ക് ഒരു നഴ്‌സിന്റെ പരിചരണം ലഭിക്കേണ്ടിടത്ത് പത്തിലധികം രോഗികളാണ് ഉണ്ടാകുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. വിശ്രമമില്ലാത്ത ജോലി കാരണം ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ശരീരിക, മാനസിക പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ആയിരത്തോളം ഒഴിവുകള്‍ നികത്താതെ 2 മാസത്തേക്ക് 40 പേരെ ദിവസക്കൂലിക്ക് നിയമിച്ചത് ഇരുട്ട് കൊണ്ടുള്ള ഓട്ടയടക്കലാണെന്ന് ആര്‍.ഷഹിന്‍ കുറ്റപ്പെടുത്തി.

600 രൂപയില്‍ താഴെയാണ് ദിവസവേതനം എന്നറിഞ്ഞതോടെ കുറേ പേര്‍ വരാത്ത സാഹചര്യവുമുണ്ട്. മലബാറിലെ സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസകരമാകുന്ന തരത്തിലേക്ക് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ആര്‍.ഷഹിന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24601/medical-college-has-no-staff-to-the-youth-congress-agitation-against-government-neglect)