---
title: "റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് മാലിന്യം ; വടകര നഗരസഭ ശേഖരിച്ച് നല്‍കിയത്  1.7 ടണ്‍ മാലിന്യം"
english_title: " Plastic waste for road construction Vadakara municipality collected 1.7 tonnes of waste"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/24947/plastic-waste-for-road-construction-vadakara-municipality-collected-17-tonnes-of-waste"
published_at: "2022-02-07T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200cece8a896_road photo.jpg"
keywords: []
---

# റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് മാലിന്യം ; വടകര നഗരസഭ ശേഖരിച്ച് നല്‍കിയത്  1.7 ടണ്‍ മാലിന്യം

> **Lead Summary:** കോഴിക്കോട് : റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്നത് മാലിന്യ പ്രശ്‌നത്തിന് ഒരു പരിധി വരെ ആശ്വാസമാവുകയാണ്. റോഡിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതിനും സഹായകരമാകുന്നു. ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ 192 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിര്‍മിച്ചത്.

## Article Content

കോഴിക്കോട് : റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്നത് മാലിന്യ പ്രശ്‌നത്തിന് ഒരു പരിധി വരെ ആശ്വാസമാവുകയാണ്. റോഡിന്റെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതിനും സഹായകരമാകുന്നു. ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ 192 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിര്‍മിച്ചത്.

സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് ജില്ല. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനി നേതൃത്വത്തിലാണ് രണ്ടുവര്‍ഷം മുമ്പ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് റോഡ് നിര്‍മാണം ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിച്ചാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 134 കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചത്. ഇത്തവണ ഇതുവരെ 58.41 കിലോമീറ്ററും. ഇതില്‍ പകുതിയിലേറെയും പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ്.

നിര്‍മാണത്തില്‍ നിശ്ചിത ശതമാനം പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെയാണ് ഈ മേഖല കൂടുതല്‍ സജീവമായത്. 2020 മുതല്‍ 2021 മാര്‍ച്ച് വരെ 150 ടണ്‍ സംസ്‌കരിച്ച പ്ലാസ്റ്റിക്കാണ് ക്ലീന്‍ കേരള റോഡ് നിര്‍മാണത്തിന് ജില്ലയില്‍നിന്ന് ശേഖരിച്ചത്. ഈ വര്‍ഷം ഇതുവരെ 70 ടണ്ണും നല്‍കി. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കീഴില്‍ പ്ലാസ്റ്റിക് ശേഖരണത്തിനും സംസ്‌കരണത്തിനുമായി മാലിന്യശേഖരണ യൂണിറ്റുകള്‍ (ആര്‍ആര്‍എഫ്) ഉണ്ട്. ഇതിന്റെ ഏകോപനത്തിനു പുറമെ കോഴിക്കോട്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ആര്‍ആര്‍എഫ് നടത്തിപ്പ് ക്ലീന്‍ കേരളയാണ്.

കൊടുവള്ളിയില്‍ ഉടന്‍ ആര്‍ആര്‍എഫ് പ്രവര്‍ത്തനം തുടങ്ങും. കുന്നുമ്മല്‍ പഞ്ചായത്തിലുള്ള ആര്‍ആര്‍എഫില്‍നിന്നാണ് കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിച്ച് നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം സെപ്തംബര്‍ വരെ കോഴിക്കോട് കോര്‍പറേഷന്‍ 36ഉം ബാലുശേരി പത്തരയും വടകര മുനിസിപ്പാലിറ്റി 1.7 ടണ്ണും വടകര ബ്ലോക്ക് പഞ്ചായത്ത് 0.8 ടണ്‍ പ്ലാസ്റ്റിക്കും നല്‍കി. ഒരു കിലോമീറ്റര്‍ റോഡിന് ഒരു ടണ്‍ പ്ലാസ്റ്റിക്കാണ് ആവശ്യം. 50 മൈക്രോണും അതില്‍ താഴെയുമുള്ള പ്ലാസ്റ്റിക്കാണ് ഇതിനുപയോഗിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/24947/plastic-waste-for-road-construction-vadakara-municipality-collected-17-tonnes-of-waste)