വടകര: (vatakara.truevisionnews.com) പഴയ സ്റ്റാന്റിനോട് ചേർന്ന പഴയ ബിഎഡ് സെന്റർ ഗ്രൗണ്ടിൽ പുതുതായി നിർമിച്ച സാംസ്‌കാരിക ചത്വരം പൊതുജനത്തിന് ഉപയോഗിക്കുന്നതിനായി പണം ഈടാക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും സമര രംഗത്തിറങ്ങണമെന്ന് ആർഎംപിഐ വടകര ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വടകരയിലെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറേണ്ട പൊതു ഇടങ്ങൾ പൊതുജനത്തിന് തുറന്നുകൊടുക്കുന്നതിനു പണം ഈടാക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല.
കോട്ടപ്പറമ്പ്, പുതിയ സ്റ്റാൻഡ്, നാരായണ നഗരം, സാംസ്കാരിക ചത്വരം ഇപ്പോൾ നിൽക്കുന്ന സ്ഥലം ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ പരിപാടികൾ നടത്തുന്നതിന് ഇക്കാലം വരെയും ജനങ്ങൾ സ്വതന്ത്രമായി ഉപയോഗിച്ചു പോന്നതാണ്.
ഇതിനു സമാനമായ സാംസ്കാരിക ചത്വരം 50 ലക്ഷം രൂപ മുടക്കി പുനർ നിർമ്മിച്ചു എന്ന പേരിലാണ് ഫീസ് ഏർപെടുത്താൻ നഗരസഭ തീരുമാനിച്ചത്.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമിച്ച ഇത്തരം പൊതുഇടങ്ങൾ ഉപയോഗിക്കുന്നതിനായി ജനങ്ങൾ വീണ്ടും പണം നൽകണമെന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ സമീപനമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.
ആകെ ഉണ്ടായിരുന്ന വടകര ടൗൺഹാൾ 1750 മുടക്കിയായിരുന്നു നേരത്തെ ജനങ്ങൾ പരിപാടികൾക്കായി ഉപയോഗിച്ചിരുന്നത്.
ടൗൺ ഹാൾ ഒരുതരത്തിലും നവീകരിക്കാതെ ഈ തുക അയ്യായിരവും പത്തായിരവുമായി ഉയർത്താൻ ഒരു മടിയും കാണിക്കാത്ത നഗരസഭയാണ് ഇപ്പോൾ ഒരു പൊതു ഇടത്തിന് പണമീടാക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുന്നത്.
ഇതിനെതിരെ എല്ലാവരും സമര രംഗത്ത് ഇറങ്ങേണ്ടതുണ്ട്. നഗരസഭ ധനകാര്യ കമ്മിറ്റിയുടെയും പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായത്തെയും മാനിക്കാതെയാണ് ഇത്തരമൊരു നീക്കത്തിന് നഗരസഭാ ഭരണകൂടം ഒരുങ്ങുന്നത്.
ഇതിനെതിരായി വലിയ പ്രക്ഷോഭത്തിന് ആർഎംപിഐ നേതൃത്വം നൽകുമെന്നും എല്ലാവരുടെയും പിന്തുണ ഈ പോരാട്ടത്തിന് ഉണ്ടാവണമെന്നും ആർഎംപിഐ ഏരിയ ചെയർമാൻ എ.പി.ഷാജിത്ത്, സെക്രട്ടറി പി.എം.വിനു എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
#RMPI #resist #move #charge #cultural #square