---
title: "#KadameriMUP | വിജയ ഘോഷയാത്ര; തോടന്നൂർ ഉപജില്ല കലാമേളയിൽ കടമേരി എം.യു.പി സ്കൂളിന് ട്രിപ്പിൾ കിരീടം"
english_title: "#Kadameri #MUP #School #won #triple #crown #Todannur #sub #district #KalaMela"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/250622/kadameri-mup-school-won-triple-crown-todannur-sub-district-kalamela"
published_at: "2024-11-20T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d9b709cbac_mup.jpg"
keywords: []
---

# #KadameriMUP | വിജയ ഘോഷയാത്ര; തോടന്നൂർ ഉപജില്ല കലാമേളയിൽ കടമേരി എം.യു.പി സ്കൂളിന് ട്രിപ്പിൾ കിരീടം

> **Lead Summary:** ആയഞ്ചേരി: തോടന്നൂർ ഉപജില്ല സ്കൂൾ കലാമേളയിൽ ട്രിപ്പിൾ കിരീടം നേടിയ കടമേരി എം. യു.പി. സ്കൂൾ വിജയഘോഷയാത്ര നടത്തി.

## Article Content

ആയഞ്ചേരി: തോടന്നൂർ ഉപജില്ല സ്കൂൾ കലാമേളയിൽ ട്രിപ്പിൾ കിരീടം നേടിയ കടമേരി എം. യു.പി. സ്കൂൾ വിജയഘോഷയാത്ര നടത്തി.

യുപി ജനറൽ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ സ്കൂൾ എൽ.പി.അറബിക് മേളയിൽ ഒന്നാം സ്ഥാനവും യു.പി. അറബിക് മേളയിൽ ഫസ്റ്റ് റണ്ണറപ്പും നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി.

ബാൻഡ് താളമേളങ്ങളോടൊപ്പം വിവിധ കലാരൂപങ്ങൾ, ബലൂണുകൾ, റിബണുകൾ, പ്ലക്കാർഡുകൾ, വർണ്ണ പൂത്തിരികൾ, പടക്കങ്ങൾ എന്നിവ റാലിക്ക് കൊഴുപ്പേകി.

സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തണ്ണീർ പന്തൽ ടൗൺ, ആർ.എ.സി. ഹൈസ്കൂൾ ചുറ്റി കീരിയങ്ങാടിയിൽ സമാപിച്ചു.

റാലിയിൽ സ്കൂൾ മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ, വാർഡ് മെംബർ ടി. കെ. ഹാരിസ്, പ്രധാന അധ്യാപകൻ ടി.കെ. നസീർ, പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി അംഗങ്ങൾ എന്നിവർ അണിനിരന്നു.

നേരത്തെ നടന്ന ഉപജില്ല കായികമേള, ഐ.ടി. മേള എന്നിവയിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടിയിരുന്നു.

കലാ- കായിക പ്രതിഭകളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പി.ടി.എ.കമ്മിറ്റി, സ്റ്റാഫ് കൗൺസിൽ എന്നിവർ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/250622/kadameri-mup-school-won-triple-crown-todannur-sub-district-kalamela)