---
title: "വടകര -മാഹി കനാല്‍ നവീകരണം ; ചേരിപ്പൊയില്‍ ഭാഗത്ത്  സീക്കെന്റ് പൈലിങ് നടത്താന്‍ 169 കോടി "
english_title: "vatakara -mahi canal renovation "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25093/vatakara-mahi-canal-renovation"
published_at: "2022-02-08T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201e1afbebc7_vatakara -mahi canal.jpg"
keywords: []
---

# വടകര -മാഹി കനാല്‍ നവീകരണം ; ചേരിപ്പൊയില്‍ ഭാഗത്ത്  സീക്കെന്റ് പൈലിങ് നടത്താന്‍ 169 കോടി 

> **Lead Summary:** വടകര: വടകര -മാഹി കനാലിന്റെ മൂന്നാമത്തെ റീച്ചില്‍പ്പെട്ട ചേരിപ്പൊയില്‍ ഭാഗത്തെ കനാല്‍ സംരക്ഷണത്തിന് 'സീക്കെന്റ് പൈലിങ്' ഉള്‍പ്പെടെ നടത്താന്‍ 169 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉള്‍നാടന്‍ ജലഗതാഗതവിഭാഗം വടകര സബ് ഡിവിഷന്‍ ഓഫീസാണ് ഇതുസംബന്ധിച്ച വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കി ചീഫ് എന്‍ജിനിയര്‍ ഓഫീസിലേക്ക് നല്‍കിയത്.

## Article Content

വടകര: വടകര -മാഹി കനാലിന്റെ മൂന്നാമത്തെ റീച്ചില്‍പ്പെട്ട ചേരിപ്പൊയില്‍ ഭാഗത്തെ കനാല്‍ സംരക്ഷണത്തിന് 'സീക്കെന്റ് പൈലിങ്' ഉള്‍പ്പെടെ നടത്താന്‍ 169 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഉള്‍നാടന്‍ ജലഗതാഗതവിഭാഗം വടകര സബ് ഡിവിഷന്‍ ഓഫീസാണ് ഇതുസംബന്ധിച്ച വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കി ചീഫ് എന്‍ജിനിയര്‍ ഓഫീസിലേക്ക് നല്‍കിയത്.

വന്‍ചെലവുവരുന്ന പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. അഞ്ചുറീച്ചുകളുള്ള മാഹി കനാലിന്റെ നവീകരണത്തില്‍ ഏറ്റവുംപ്രയാസം നേരിടുന്ന മേഖലയാണ് മൂന്നാം റീച്ചിലെ ചേരിപ്പൊയിലിലെ 600 മീറ്റര്‍ ഭാഗം. ഉയരംകൂടിയതും ഉറപ്പില്ലാത്ത മണ്ണുള്ളതുമായ ഇവിടെ കനാല്‍നിര്‍മാണത്തിന് നേരത്തേ ടെന്‍ഡര്‍ നല്‍കിയതാണ്.

ഇതുപ്രകാരം പ്രവൃത്തിയും തുടങ്ങി. എന്നാല്‍, ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ രൂക്ഷമായതോടെ പ്രവൃത്തി നിര്‍ത്തി. ചിലസ്ഥലങ്ങളില്‍ കനാലിന് 24 മീറ്ററോളം ഉയരമുണ്ട്. ഇനിയും ആഴംകൂട്ടേണ്ടതിനാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാകും. പാര്‍ശ്വഭിത്തി സംരക്ഷിച്ചുകൊണ്ട് എങ്ങനെ കനാല്‍ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് വിവിധ എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ പഠനം നടത്തിയിരുന്നു ഏറ്റവുമൊടുവില്‍ തിരുവനന്തപുരം എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജ് നടത്തിയ പഠനത്തെത്തുടര്‍ന്നാണ് സീക്കെന്റ് പൈലിങ് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മണ്ണിന് ഉറപ്പുകുറഞ്ഞ സ്ഥലങ്ങളില്‍ ഈ രീതി അവലംബിക്കാറുണ്ട്.

പാര്‍ശ്വഭാഗങ്ങളില്‍ പ്രത്യേകരീതിയില്‍ പൈലിങ് നടത്തി സംരക്ഷണം ഉറപ്പാക്കിയശേഷം കനാലിന് ആഴംകൂട്ടുകയാണ് ഇതിലൂടെ ചെയ്യുക. ഏറെ ചെലവുകൂടിയതാണെങ്കിലും സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. ഉള്‍നാടന്‍ ജലഗതാഗതവിഭാഗം ചീഫ് എന്‍ജിനിയര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയശേഷമാണ് ഡി.പി.ആര്‍. തയ്യാറാക്കിയത്. 169 കോടി രൂപയില്‍ മൂന്നാമത്തെ റീച്ചിലെ എല്ലാ പ്രവൃത്തികളും വരും. 600 മീറ്ററിലാണ് സീക്കെന്റ് പൈലിങ് നടത്തുക.

ഏതാണ്ട് 2.64 കിലോമീറ്റര്‍ ദൂരത്തില്‍ പ്രവൃത്തി ബാക്കിയുണ്ട്. നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി എല്ലാ പ്രവൃത്തിയും പുതുതായി ടെന്‍ഡര്‍ ചെയ്യേണ്ടിവരും. സീക്കെന്റ് പൈലിങ് നടത്തുന്നതില്‍ വൈദഗ്ധ്യമുള്ള കമ്പനികള്‍തന്നെ വേണ്ടിവരും. ആഴംകൂട്ടുമ്പോഴുള്ള മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്‍പ്പെടെയുള്ള ചെലവ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25093/vatakara-mahi-canal-renovation)