---
title: "ജില്ലയില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ മുന്നേറ്റം"
english_title: "Great progress in rural employment guarantee scheme in the district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25313/great-progress-in-rural-employment-guarantee-scheme-in-the-district"
published_at: "2022-02-09T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620349077a25c_nreg photo.jpg"
keywords: []
---

# ജില്ലയില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ മുന്നേറ്റം

> **Lead Summary:** കോഴിക്കോട് : തൊഴിലുറപ്പ് പദ്ധതിയില്‍ ഒരുകോടി തൊഴില്‍ ദിനമെന്ന നേട്ടത്തിലേക്ക് രണ്ടാം വര്‍ഷവും കോഴിക്കോട്. കോവിഡ് പ്രതിസന്ധിയുടെയും അടച്ചിടലിന്റെയും പ്രയാസങ്ങള്‍ക്കിടയിലാണ് ജില്ലക്ക് വീണ്ടും മികവ്. ഈ വര്‍ഷത്തെ തൊഴില്‍ ബജറ്റ് 94.16 ലക്ഷമെന്നത് ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാവും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 50 ദിവസം ബാക്കി നില്‍ക്കേ 88.55 ലക്ഷം തൊഴില്‍ ദിവസങ്ങള്‍ പൂര്‍ത്തിയാക്കി.

## Article Content

കോഴിക്കോട് : തൊഴിലുറപ്പ് പദ്ധതിയില്‍ ഒരുകോടി തൊഴില്‍ ദിനമെന്ന നേട്ടത്തിലേക്ക് രണ്ടാം വര്‍ഷവും കോഴിക്കോട്. കോവിഡ് പ്രതിസന്ധിയുടെയും അടച്ചിടലിന്റെയും പ്രയാസങ്ങള്‍ക്കിടയിലാണ് ജില്ലക്ക് വീണ്ടും മികവ്. ഈ വര്‍ഷത്തെ തൊഴില്‍ ബജറ്റ് 94.16 ലക്ഷമെന്നത് ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാവും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 50 ദിവസം ബാക്കി നില്‍ക്കേ 88.55 ലക്ഷം തൊഴില്‍ ദിവസങ്ങള്‍ പൂര്‍ത്തിയാക്കി.

ഈ മാസത്തെ തൊഴില്‍ ബജറ്റായ 88.51 ലക്ഷം ആദ്യ ആഴ്ചയില്‍തന്നെ പൂര്‍ത്തിയായത് തൊഴിലാളികളില്‍ ആത്മവിശ്വസം വര്‍ധിപ്പിച്ചിട്ടുണ്ട്. തൊഴില്‍ ബജറ്റ് ഈ മാസം പൂര്‍ത്തിയാക്കി, പുതുക്കിയാണ് മാര്‍ച്ചില്‍ ഒരുകോടിയെന്ന ലക്ഷ്യം കൈവരിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് ഒരുകോടി തൊഴില്‍ ദിനമെന്ന ലഷ്യം ജില്ല സ്വന്തമാക്കിയത്.

അന്ന് 1,02,04,605 തൊഴില്‍ ദിനങ്ങളായിരുന്നു. മൊത്തം 2.10 ലക്ഷം കുടുംബങ്ങളാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. 1,58,161 കുടുംബങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തൊഴില്‍ ചെയ്യാനെത്തി. ഇതില്‍ 14,096 കുടുംബങ്ങള്‍ നൂറുദിനം കൈവരിച്ചു. കുന്നമംഗലം ബ്ലോക്കിലാണ് കൂടുതല്‍ കുടുംബങ്ങള്‍ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയത്. 3038. കയ്യാല പണിയല്‍, പറമ്പ് കിളയ്ക്കല്‍ തുടങ്ങിയ പതിവ് ജോലികളില്‍ നിന്ന് മാറി റോഡ് നിര്‍മാണം, നടപ്പാത പണിയല്‍ തുടങ്ങിയ വികസന പദ്ധതികള്‍ക്കും ഇത്തവണ ശ്രദ്ധ നല്‍കി. ഇതോടെ മഴക്കാലത്ത് തൊഴില്‍ദിനം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി.

ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി കൗണ്‍സിലിന്റെയും അനുമതിയോടെയാണ് തൊഴില്‍ ബജറ്റ് തയ്യാറാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 1.02 കോടി തൊഴില്‍ ദിനമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനം നല്‍കുന്ന തൊഴില്‍ ബജറ്റ് വെട്ടിക്കുറച്ചാണ് കേന്ദ്രം പലപ്പോഴും ഫണ്ട് അനുവദിക്കുന്നത്. 2021–22 തൊഴില്‍ ബജറ്റിലും വെട്ടിക്കുറയ്ക്കാനുള്ള ശ്രമമുണ്ടായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് 94.16 ലക്ഷം എന്നത് പിന്നീട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25313/great-progress-in-rural-employment-guarantee-scheme-in-the-district)