വടകര: (vatakara.truevisionnews.com) നാടിന്റെ നൊമ്പരമായി വടകര സ്വദേശി ആൽവിന്റെ മരണം. കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച ആൽവിന് കണ്ണീരോടെ വിടനൽകി നാട്.
വടകര കടമേരി തണ്ണീർപന്തലിലെ വീട്ടുവളപ്പിലാണ് വൈകിട്ടോടെ ആൽവിന്‍റെ സംസ്കാരം നടന്നത്. ആൽവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരു നാടൊന്നാകെ വീട്ടിലേക്കെത്തി.
ബീച്ച് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച്ച ഉച്ച കഴിഞ്ഞാണ് ആൽവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചത്.
വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്‍റെയും ഏക മകനാണ് ആൽവിൻ. ഇന്നലെ രാവിലെ ഏഴരയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം.
2 കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്‍റെ മധ്യഭാഗത്തു നിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു.
കാറുകൾ ആൽവിന്‍റെ തൊട്ടു മുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ റോഡിന്‍റെ വശത്തേക്കു മാറുമ്പോൾ ഇടിക്കുകയായിരുന്നു.
കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ആണു ചിത്രീകരിച്ചത്. ഗൾഫിൽ ബന്ധുവിന്‍റെ സ്ഥാപനത്തിൽ വിഡിയോഗ്രഫറായി ജോലി ചെയ്യുകയായിരുന്നു ആൽവിൻ.
2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് നാട്ടിലെത്തിയത്.
നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.
#accident #occurred #during #filming #promotional #video #Alwin #body #cremated