---
title: "മുഖ്യമന്ത്രി മുന്‍ പ്രൈവറ്റ് സെക്രട്ടറി  ശിവശങ്കറിനെ  ഭയക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍"
english_title: "Mullappally Ramachandran says he is scared Chief Minister to former Private Secretary Shivshankar "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25672/mullappally-ramachandran-says-he-is-scared-chief-minister-to-former-private-secretary-shivshankar"
published_at: "2022-02-10T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62054c11816e5_mullapalli ramachandran.jpg"
keywords: []
---

# മുഖ്യമന്ത്രി മുന്‍ പ്രൈവറ്റ് സെക്രട്ടറി  ശിവശങ്കറിനെ  ഭയക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

> **Lead Summary:** **വടകര:** മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചത് ശിവശങ്കറിനെ അങ്ങേയറ്റം ഭയപ്പെടുന്നത് കൊണ്ടാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സകല ഇടപാടുകളുടെയും രഹസ്യങ്ങളുടെയും വിശ്വസ്തനായ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍.

## Article Content

**വടകര:** മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചത് ശിവശങ്കറിനെ അങ്ങേയറ്റം ഭയപ്പെടുന്നത് കൊണ്ടാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സകല ഇടപാടുകളുടെയും രഹസ്യങ്ങളുടെയും വിശ്വസ്തനായ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുകൊണ്ടാണ് ശിവശങ്കറും സ്വപ്‌നയും സകല ആസൂത്രണങ്ങളും നടത്തിയത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അല്പം കൂടി മുന്നോട്ട് കൊണ്ടുപോകാന്‍ ധൈര്യം കാട്ടിയിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്‌നയ്ക്കുമൊപ്പം മറ്റു പലരും ജയിലിലാകുമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സര്‍വീസിലിരിക്കെ പുസ്തകമെഴുതിയ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തയാ മുഖ്യമന്ത്രി ശിവശങ്കറിന്റെ കാര്യത്തില്‍ മറ്റൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുസ്തകമെഴുതുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടോ എന്ന പരിശോധിക്കുമെന്ന ഒഴുക്കന്‍ മട്ടില്‍ പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏത് നെറികേടിനെയും ഇതു പോലെ ന്യായീകരിക്കുന്ന ഒരു ഭരണാധികാരി ഇന്നുവരെ കേരളത്തിലുണ്ടായിട്ടില്ല.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ സംഭവപരമ്പരകള്‍ ആധികാരികതയോടെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്ന മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ എളുപ്പത്തില്‍ വായിച്ചെടുക്കാം. മാധ്യമങ്ങളെ പരസ്യമായി കുറ്റവിചാരണ നടത്തുകയും രഹസ്യമായി മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കടന്നാക്രമിക്കാന്‍ ധാര്‍മികാവകാശമില്ല.

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെ കൂടെനിര്‍ത്താന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങള്‍ മറക്കാന്‍ കഴിയില്ല. ഇരട്ടചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ഇരട്ടമുഖം മാധ്യമലോകത്തിന് നന്നായി അറിയാം. ഒന്നാം കോവിഡ് തരംഗം ജനജീവിതമാകെ താളം തെറ്റിച്ചപ്പോള്‍ പിആര്‍. ഏജന്‍സികളുടെ സഹായത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമവും ആരും മറന്നിട്ടില്ല. നീതിയും ന്യായവും കശാപ്പ് ചെയ്യപ്പെടുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത് പ്രബുദ്ധമായ ഒരു ജനതയുടെ ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25672/mullappally-ramachandran-says-he-is-scared-chief-minister-to-former-private-secretary-shivshankar)